ഇസ്രയേലും ഹമാസും ആദ്യഘട്ട സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചെന്ന് ബി ബി സി റിപ്പോർട്ട് ചെയ്തു. ഇക്കാര്യം തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുകയും ചെയ്തു.
എല്ലാ ബന്ദികളേയും ഉടൻ തന്നെ വിട്ടയക്കുമെന്നും ഇസ്രയേൽ തങ്ങളുടെ സൈന്യത്തെ എത്രയും പെട്ടെന്ന് ഒരു നിശ്ചിത രേഖയിലേക്ക് പിൻവലിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ചരിത്രപരമായ നടപടിയാണിത്. സമാധാന ചർച്ചയ്ക്ക് ഇടനില വഹിച്ച ഖത്തർ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്ക് നന്ദി അറിയിക്കുന്നതായും ട്രംപ് പറഞ്ഞു.
ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ ഈജിപ്തിലെ കയ്‌റോയില്‍ ആരംഭിച്ച സമാധാനചർച്ചയുടെ മൂന്നാംദിനത്തിലാണ് സമാധാന ചർച്ചയുടെ ആദ്യഘട്ടം വിജയകരമെന്ന് ട്രംപ് അവകാശപ്പെട്ടത്. യു എസ്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും സന്ധിസംഭാഷണങ്ങളുടെ ഭാഗമായി. ഖത്തർ പ്രധാനമന്ത്രി ശൈഖ് മൊഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അൽ താനി, തുർക്കിയുടെ രഹസ്യാന്വേഷണ വിഭാഗം തലവൻ ഇബ്രാഹിം കാലിൻ, യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജരേദ് കഷ്‌നർ, യു എസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരാണ് ബുധനാഴ്ച ഈജിപ്തിലെത്തിയത്.
ബുധനാഴ്ച രാവിലെ ഹമാസും ഖത്തർ, ഈജിപ്ത്, യു എസ് പ്രതിനിധികളുമായി നടന്ന പ്രാഥമിക ചർച്ചയിൽ ഇസ്രയേലി ബന്ദികൾക്കു പകരം വിട്ടയക്കേണ്ട പലസ്തീൻ പൗരന്മാരുടെ പേരുകൾ കൈമാറിയെന്ന് ഹമാസിന്റെ മുതിർന്ന നേതാവ് താഹെർ നൂനൗ പറഞ്ഞു.
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ രണ്ടാം വാർഷികമായ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരുമായി സംസാരിച്ച ട്രംപ്, യുദ്ധം ഉടൻ അവസാനിക്കുമെന്നും പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷയുണ്ടെന്നും പ്രതികരിച്ചു. ഹമാസും ഇസ്രയേലും വെടിനിർത്തൽ കരാര്‍ അംഗീകരിച്ചാൽ അത് ലംഘിക്കില്ലെന്നുറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
അതേ സമയം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുറത്തിറക്കിയ പ്രസ്താവനയിൽ ഹമാസിന്റെ ഉന്മൂലനാശം എന്ന ലക്ഷ്യം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ 20 ഇന സമാധാന പദ്ധതി നടപ്പാക്കുകയാണ് ഈജിപ്തിലെ ചർച്ചയുടെ അജൻഡ.