ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയുടെ ശതാബ്ദി ആചരണ പരിപാടികൾ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്യും ഒക്ടോബർ 23-ന് ഉച്ചയ്‌ക്ക് 12.50-ന് ശിവഗിരി മഠത്തിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ രാഷ്‌ട്രപതി പങ്കെടുക്കും. ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിലും ഭാരത ഗവൺമെന്റിന്റെയും കേരള ഗവൺമെന്റിന്റെയും സഹകരണത്തോടെയുമാണ് ഈ ശതാബ്ദി ആചരണം നടക്കുന്നത്.
രണ്ടുവർഷം നീളുന്ന മഹാപരിനിർവാണ ശതാബ്ദി ആചരണം വിജ്ഞാനപ്രദവും ഭക്തിനിർഭരവുമായ നിരവധി പരിപാടികളിലൂടെ ഗുരുദേവന്റെ ദർശനം പുനർജീവിപ്പിക്കാൻ ലക്ഷ്യമിടുന്നു. ശ്രീനാരായണ ഗുരുകുലം, എസ്എൻഡിപി യോഗം, ഗുരുധർമ്മ പ്രചാരണസഭ, ശ്രീനാരായണ സാംസ്കാരിക സമിതി, ശ്രീനാരായണീയ ക്ഷേത്രങ്ങൾ, ക്ലബ്ബുകൾ, പ്രാദേശിക പ്രസ്ഥാനങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ശതാബ്ദി ആചരണങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
98-മത് മഹാസമാധി ദിനത്തിൽ ശിവഗിരി മഠം ശതാബ്ദി ആചരണത്തിന്റെ പ്രാഥമിക പരിപാടികളും ദീർഘകാല ദർശനരേഖയും പ്രഖ്യാപിച്ചിരുന്നു. രാഷ്‌ട്രപതിയുടെ സാന്നിധ്യം ഈ ആചരണങ്ങൾക്ക് ദേശീയ പ്രതീകാത്മകതയും ആഗോള പ്രസക്തിയും നൽകുമെന്ന് ശിവഗിരി മഠം പ്രതീക്ഷിക്കുന്നു.
ശിവഗിരിയിൽ രാഷ്‌ട്രപതിയെ സ്വീകരിക്കുന്നതിനായി ശക്തമായ സുരക്ഷാ സംവിധാനങ്ങളും സ്വീകരണ ക്രമീകരണങ്ങളും പുരോഗമിക്കുന്നു. സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ സംയുക്ത നിയന്ത്രണത്തിലാണ് തയ്യാറെടുപ്പുകൾ നടക്കുന്നത്.
ഗുരുദേവന്റെ സന്ദേശം ദേശീയ ആഗോള തലങ്ങളിൽ കൂടുതൽ പ്രചരിപ്പിക്കുന്നതിനുള്ള ദേശീയ പ്രതിബദ്ധതയുടെ അടയാളമായി രാഷ്ട്രപതിയുടെ സന്ദർശനം കണക്കാക്കപ്പെടുന്നു.