അമർനാഥ് രാമകൃഷ്ണന്‍ എന്ന തമിഴ് പുരാവസ്തു ഗവേഷകന്‍റെ പതിറ്റാണ്ടുകൾ നീണ്ട ഖനനവും കണ്ടെത്തലുകളും കേന്ദ്രവും തമിഴ്നാടും തമ്മിലുള്ള തുറന്ന പോരിനാണ് തുടക്കം കുറിച്ചത്. തന്‍റെ കണ്ടെത്തലുകൾ 982 പേജുള്ള റിപ്പോര്‍ട്ടായി അമർനാഥ് രാമകൃഷ്ണന്‍ ഇന്ത്യന്‍ പുരാവസ്തു വകുപ്പിന് (എഎസ്ഐ) കൈമാറിയെങ്കിലും റിപ്പോര്‍ട്ട് അംഗീകരിക്കാതെ തിരിച്ചയക്കുകയാണ് പുരാവസ്തു വകുപ്പ് ചെയ്തത്. അതിലെ കാലഗണന മാറ്റണമെന്നായിരുന്നു ഇന്ത്യന്‍ പുരാവസ്തു വകുപ്പ്, അമര്‍നാഥ് രാമകൃഷ്ണനോട് ആവശ്യപ്പെട്ടത്. എന്നാല്‍, അദ്ദേഹം അതിന് തയ്യാറാകാത്തതോടെ റിപ്പോര്‍ട്ട് അംഗീകരിക്കാനോ പ്രസിദ്ധീകരിക്കാനോ ഇന്ത്യന്‍ പുരാവസ്തു വകുപ്പ് തയ്യാറായില്ല. ഇതോടെ തമിഴ്നാടും എഎസ്ഐയും തമ്മില്‍ ഉരസലുകളുണ്ടായി. തർക്കങ്ങൾക്ക് ഒടുവില്‍ കീഴടിയുടെ ഖനന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് എഎസ്ഐ ഇപ്പോൾ അറിയിച്ചിരിക്കുന്നു.
എന്താണ് കീഴടി ഖനനം?
തമിഴ്നാട്ടില്‍ മധുരയ്ക്ക് 12 കിലോമീറ്ററോളം കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു കുഗ്രാമമാണ് കീഴടി. എന്നാല്‍ ആയിരക്കണക്കിന് വര്‍ഷം മുമ്പ്, എന്തിന് സിന്ധുനദീ തടത്തിലും മുമ്പ് ഇവിടെ ഒരു ജനത വളരെ നഗരജീവിതം നയിച്ചിരുന്നുവെന്നാണ് അമര്‍ നാഥിന്‍റെ ഖനനത്തിലൂടെ തെളിഞ്ഞത്. 2013 -14 കാലത്താണ് ഇവിടെ ആദ്യമായൊരു ഖനനം നടന്നത്. എഎസ്ഐയുടെ കീഴിൽ വൈഗൈ നദീ തീരത്തെ 293 സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ആദ്യത്തെ ഖനനം ആരംഭിച്ചത്.
ആദ്യ ഖനനത്തില്‍ തന്നെ അതിപുരാതനമായ ഒരു സംസ്കാരത്തിന്‍റെ അവശേഷിപ്പുകൾ പുരാവസ്തു ഗവേഷകര്‍ക്ക് കിട്ടിയത് കൂടുതല്‍ ഖനനത്തിന് പ്രേരിപ്പിച്ചു. ഇതോടെ 2023 വരെ പല കാലത്തായി നടന്ന വിവിധ ഖനനനങ്ങളില്‍ ആദി തമിഴന്, സിന്ധു നദീതട സംസ്കാരത്തേക്കാൾ പ്രായമുണ്ടെന്ന് തെളിഞ്ഞു. 2017 -ല്‍ ലഭിച്ച വസ്തുക്കളിൽ നടത്തിയ കാര്‍ബണ്‍ ഡേറ്റിംഗിലാണ് ഇവടെ 200 ബിസിഇ മുതൽ മനുഷ്യ വാസമുണ്ടായിരുന്നതായി കണ്ടെത്തിയത്. 2018 - 2019 കാലത്ത് കണ്ടെത്തിയ മറ്റൊരു സാമ്പിൾ പരിശോധനയില്‍ 530 ബിസിഇ വരെ പഴക്കം കാണിച്ചു. ഇതുവരെയായി 13,000 വസ്തുക്കളാണ് ഇവിടെ നിന്നും കണ്ടെത്തിയിട്ടുള്ളത്. അവയില്‍ നഗരത്തിലേക്കുള്ള സങ്കീര്‍ണ്ണമായ ജലസേചന പദ്ധതികൾ അടക്കമുൾപ്പെട്ടിരുന്നു. ആദി തമിഴ് ലിപികളും ഇരമ്പ് ഉപയോഗവും ഇവിടെ നിന്നും കണ്ടെത്തി.
അപ്പോഴേക്കും ഖനനം കീഴടിയില്‍ നിന്നും ഏതാണ്ട് തമിഴ്നാട് സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിലേക്കും വ്യാപിച്ചു. പുരാതന വ്യാപാരവും മറ്റും അടിസ്ഥാനമാക്കി പുതിയ ഖനന സ്ഥലങ്ങൾ കണ്ടെത്തുകയും അവിടങ്ങളിലും ഖനനം ഊർജ്ജിതമാക്കി. ശിവഗംഗ ജില്ലയിലെ കീഴടി, വെമ്പക്കോട്ടൈ (വിരുദ്ധുനഗരം), തിരുമലപ്പുറം (തെന്നക്കട), പൊർപനൈക്കോട്ടൈ (പുതുക്കോട്ടൈ), കീഴ്നാമണ്ടി (തിരുവണ്ണാമലൈ), കൊങ്കൽനഗർ (തിരുപ്പൂർ), മരുങ്ങൂർ (കുടലോർ), ചെന്നാനൂർ (കൃഷ്ണഗിരി) തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോൾ ഖനനം പുരോഗമിക്കുന്നത്.
അമര്‍നാഥ് രാമകൃഷ്ണന്‍റെ റിപ്പോര്‍ട്ടിലെ കാലഗണനയാണ് ആര്‍ക്കിയോളജി സർവ്വേ ഓഫ് ഇന്ത്യയെ അരിശം പിടിപ്പിച്ചതെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. യുഎസിലെ ഫ്ലോറിഡയിലെ ബീറ്റ അനലിറ്റിക് ലബോർട്ടറിയില്‍ നിന്നും കീഴടിയിലെ വസ്തുക്കളുടെ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തിയപ്പോൾ അത് ബിസിഇ മൂന്നാം നൂറ്റാണ്ട് വരെ പഴക്കം കാണിച്ചു. നാലാം ഘട്ട ഖനനത്തില്‍ കണ്ടെത്തിയ വസ്തുക്കൾക്ക് 580 ബിസിഇ വരെ പഴക്കമാണ് കണ്ടെത്തിയത്. അതോടെ കീഴടിയുടെ ചരിത്രം ബിസിഇ ആറാം നൂറ്റാണ്ടിനും സിഇ ഒന്നാം നൂറ്റാണ്ടിനും ഇടയിലാണെന്ന് കണ്ടെത്തി. യുകെയിലെ ലിവർപൂൾ ജോൺ മൂർസ് സർവകലാശാലയുമായി സഹകരിച്ച് ആദി തമിഴന്‍റെ മുഖവും പുനർസൃഷ്ടിച്ചു.
അമര്‍നാഥ് രാമകൃഷ്ണന്‍റെ റിപ്പോർട്ടിൽ കീഴാടിയെ മൂന്ന് കാലഘട്ടങ്ങളായി തരംതിരിക്കുന്നു. പ്രീ-ഏർലി ഘട്ടം (ബിസി എട്ടാം നൂറ്റാണ്ട് മുതൽ ബിസി അഞ്ചാം നൂറ്റാണ്ട് വരെ), മെച്വർ ഏർലി ഘട്ടം (ബിസി അഞ്ചാം നൂറ്റാണ്ട് മുതൽ ബിസി ഒന്നാം നൂറ്റാണ്ട് വരെ), പോസ്റ്റ്-ഏർലി ഘട്ടം (ബിസി ഒന്നാം നൂറ്റാണ്ട് മുതൽ എസി മൂന്നാം നൂറ്റാണ്ട് വരെ). എന്നാല്‍ ദഗ്ധരുടെ നിർദ്ദേശപ്രകാരം, മൂന്ന് കാലഘട്ടങ്ങളുടെയും നാമകരണങ്ങളിൽ മാറ്റം ആവശ്യമാണെന്നും, ബിസിഇ 8-ാം നൂറ്റാണ്ട് മുതൽ ബിസിഇ 5-ാം നൂറ്റാണ്ട് വരെയുള്ള സമയ ബ്രാക്കറ്റ് I കാലഘട്ടത്തിന് നൽകിയിരിക്കുന്നത് ഒട്ടും ന്യായീകരിക്കാനാവില്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര ശെഖാവത്ത് പാർലമെന്‍റിൽ പറഞ്ഞു. റിപ്പോർട്ടിൽ ചില വിശദാംശങ്ങൾ വിട്ടുപോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കീഴടിയുടെ കാലം സിന്ധുനദീതട സംസ്കാരത്തിനും മുമ്പാണെന്ന വസ്തുതയെ അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് എഎസ്ഐ റിപ്പോര്‍ട്ട് തള്ളാന്‍ കാരണമായി പറയുന്നതും.
എഎസ്ഐയുടെ ആവശ്യം തള്ളിയ അമര്‍നാഖ് രാമകൃഷ്ണന്‍ തന്‍റെ കണ്ടെത്തലുകൾ തിരുത്താന്‍ തയ്യാറാല്ലെന്ന് അറിയിച്ചത് പ്രശ്നങ്ങൾ സങ്കീർണമാക്കി. സംസ്ഥന സര്‍ക്കാര്‍ തന്നെ വിഷയത്തില്‍ നേരിട്ട് ഇടപെട്ടു. റിപ്പോർട്ടിൽ കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും ആവശ്യപ്പെട്ട എഎസ്ഐയുടെ നടപടിയെ മുഖ്യമന്ത്രി സ്റ്റാലിന്‍ വിമശിച്ചു. തമിഴ് പൈതൃകത്തിന്‍റെ പ്രാധാന്യം കുറയ്ക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നായിരുന്നു എംകെ സ്റ്റാലിൻ ആരോപിച്ചത്. മാസങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവില്‍ എഎസ്ഐ അമർനാഥിന്‍റെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാമെന്ന് അറിയിച്ചിരിക്കുകയാണിപ്പോൾ. റിപ്പോർട്ട് സോഫ്റ്റ് കോപ്പി രൂപത്തിൽ പബ്ലിഷ് ചെയ്യുമെന്നും എന്നാല്‍ അവസാനം ഡൊമെയ്ൻ വിദഗ്ധർ ഉന്നയിക്കുന്ന ചോദ്യങ്ങൾ ഇതിൽ ഉൾപ്പെടുത്തും ജോയിന്റ് ഡയറക്ടർ ജനറലും (സ്മാരകം) എഎസ്‌ഐ വക്താവുമായ നന്ദിനി ഭട്ടാചാര്യ സാഹു അറിയിച്ചത്. എന്നാല്‍ റിപ്പോർട്ടിന്‍റെ അന്തിമ പതിപ്പായിരിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.