ഒറ്റപ്പാലം: തുടർച്ചയായ കൃഷിനാശത്തെ തുടർന്ന് ഒറ്റപ്പാലത്ത് 76 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകരുടെ സമ്മർദ്ദങ്ങൾക്കൊടുവിൽ നഗരസഭയിലെ 7 കൗൺസിലർമാർ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കാട്ടുപന്നികളെ വെടിവെക്കാൻ നഗരസഭ ഉത്തരവിട്ടത്. ഇതിനായി തോക്കും ലൈസൻസും ഉള്ള ഒമ്പത് ഷാർപ്പ് ഷൂട്ടർമാരുടെ പാനൽ രൂപവൽക്കരിച്ച് അധികൃതരിൽ നിന്ന് അനുമതി വാങ്ങിയിരുന്നു. ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച വൈകുന്നേരം 3 വരെയാണ് സംഘം വേട്ടയ്ക്ക് ഇറങ്ങിയത്. വെടിവെച്ചിട്ട പന്നികളെ സൗത്ത് പനമണ്ണയിൽ നഗരസഭയുടെ അധീനതയിലുള്ള ട്രഞ്ചിങ് ഗ്രൗണ്ടിൽ എത്തിച്ച് സംസ്കരിച്ചു.
