ഇടുക്കി: ചിന്നക്കനാൽ ബി എൽ റാവിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ ഒരു വീട് ഭാഗികമായി തകർന്നു. മഹേശ്വരിയുടെ വീടാണ് കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് മഹേശ്വരിയും മകൾ കോകിലയും രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. മഹേശ്വരിയ്ക്ക് ചെറിയ പരുക്ക് പറ്റിയിട്ടുണ്ട്. അരിക്കൊമ്പൻ എന്ന ഒറ്റയാനാണ് ഇന്നും ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. ചിന്നക്കനാലിൽ അരിക്കൊമ്പൻ വീടുകൾ ആക്രമിക്കുന്നത് ഇപ്പോൾ പതിവാകുകയാണ്. ചിന്നക്കനാൽ ബി എൽ റാമിൽ കാട്ടാന കഴിഞ്ഞ ദിവസം കുന്നത്ത് ബെന്നി എന്നയാളുടെ വീട് തകർത്തിരുന്നു. ശബ്ദം കേട്ട് എത്തിയ പ്രദേശവാസികൾ ഒച്ച വെച്ചാണ് ആനയെ ഓടിച്ചത്. ഇന്നലെ ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ റേഷൻ കട ഉൾപ്പെടെ തകർത്തിരുന്നു.
