ആലപ്പുഴ:സെപ്റ്റംബരനാലിന് ആലപ്പുഴ പുന്നമട കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി ജലോത്സവത്തിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. എക്സിക്യൂട്ടീവ്, ജനറല്‍ ബോഡി യോഗങ്ങള്‍ എംഎല്‍എമാരായ പി.പി. ചിത്തരഞ്ജന്, എച്ച്. സലാം എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. 2019ലെ വള്ളംകളിയുടെ കണക്കുകള്‍ എക്സിക്യൂട്ടീവ് യോഗം അംഗീകരിച്ചു. വള്ളംകളിയുടെ നടത്തിപ്പിനുള്ള ഉപസമിതികള്‍ ഓഗസ്റ്റ് അഞ്ചിനു മുന്‍പ് രൂപീകരിക്കാന്‍ തീരുമാനിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷം നടക്കുന്ന ജലോത്സവത്തിന് പരമാവധി ജനപങ്കാളിത്തവും കക്ഷി രാഷ്ട്രീയത്തിന് അതീതമായ പിന്തുണയും ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചതായി പി.പി. ചിത്തരഞ്ജന് എംഎല്‍എ പറഞ്ഞു. ജലോത്സവ നടത്തിപ്പിന് സംസ്ഥാന ടൂറിസം വകുപ്പില്‍ നിന്നും ഒരു കോടി രൂപ ഗ്രാന്റായി ലഭിക്കും. അധികമായി വേണ്ടി വരുന്ന തുക കണ്ടെത്തുന്നതിന് ജൂലൈ 31ന് തിരുവനന്തപുരത്ത് നടക്കുന്ന ഉന്നതതല യോഗത്തിലെ തീരുമാനമനുസരിച്ച് നടപടികള്‍ സ്വീകരിക്കും- അദ്ദേഹം വ്യക്തമാക്കി.
നെഹ്റു ട്രോഫി ജലോത്സവത്തോടൊപ്പം ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ പ്രഥമ മത്സരവും നടക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, എന്‍ടിബിആര്‍ സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ. ശ്രീരാം വെങ്കിട്ടരാമന്, നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ രാജ്, എന്‍ടിബിആര്‍ സൊസൈറ്റി സെക്രട്ടറി സബ് കളക്ടര്‍ സൂരജ് ഷാജി, എഡിഎം എസ്. സന്തോഷ് കുമാര്‍, കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.