രാജസ്ഥാൻ റോയൽസിൽ നിന്നും മാറാൻ പോകുന്ന സഞ്ജു സാംസണിന് വേണ്ടി വമ്പൻ ഓഫറുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. താരത്തിന് വേണ്ടി രണ്ട് യുവതാരങ്ങളെയാണ് കൊൽക്കത്ത രാജസ്ഥാന് വേണ്ടി ഓഫർ ചെയ്യുന്നത്. സഞ്ജുവിന് വേണ്ടി യുവതാരങ്ങളായ അങ്ക്രിഷ് രഘുവംശി, രമൻദീപ് സിങ് എന്നിവരിൽ ഒരാളെ ട്രേഡ് ചെയ്യാൻ കെകെആർ തയ്യാറാണ്. കെകെആറിന് വേണ്ടി കഴിഞ്ഞ സീസണിൽ മോശമല്ലാത്ത പ്രകടനം പുറത്തെടുത്ത താരമാണ് രഘുവംശി. കഴിഞ്ഞ സീസണിൽ കെകെആർ നിലനിർത്തിയ ആറ് താരങ്ങളിൽ ഒരാളായിരുന്നു രമൻദീപ് സിങ്. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
കൊൽക്കത്തക്ക് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ, ക്യാപ്റ്റൻ എന്നീ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാൻ സാധിക്കുന്ന ഒരു താരമാണ് സഞ്ജു സാംസൺ. ഇതിനൊപ്പം ഓപ്പണിങ് പൊസിഷനിൽ കളിക്കാനും കെകെആറിന് ഒരു ഇന്ത്യൻ ബാറ്ററാകും. സഞ്ജു സാംസണെ ട്രേഡ് ചെയ്യാൻ സിഎസ്‌കെയിൽ നിന്നും രവീന്ദ്ര ജഡേജ, ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ എന്നിവരിൽ ഒരാളെ റോയൽസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിഎസ്‌കെ ഇത് നിരസിച്ചു.