2021ലെ പുനഃസംഘടനയെ അപേക്ഷിച്ച് വൈസ് പ്രസിഡന്റുമാരുടെ എണ്ണം നാലിൽനിന്നു പതിമൂന്നായി. ജനറൽ സെക്രട്ടറിമാരുടെ എണ്ണം 23ൽനിന്ന് 59 ആയി. ബിജെപിയിൽനിന്നു കോൺഗ്രസിലെത്തിയ സന്ദീപ് വാരിയരെ ജനറൽ സെക്രട്ടറിയാക്കി.
ഫോൺ സംഭാഷണ വിവാദത്തെത്തുടർന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്‌ഥാനം രാജിവയ്ക്കേണ്ടി വന്ന പാലോട് രവി കെപിസിസി വൈസ് പ്രസിഡന്റുമാരിലൊരാളായി തിരിച്ചെത്തി. യുവനിരയിൽനിന്ന് ഹൈബി ഈഡൻ എംപി, മുൻ എംപി രമ്യ ഹരിദാസ്, മാത്യു കുഴൽനാടൻ എംഎൽഎ, മുൻ എംഎൽഎ വി.ടി.ബൽറാം, കോട്ടയം മുൻ ഡിസിസി പ്രസിഡൻ്റ് ജോഷി ഫിലിപ്പ്,സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന എം.ലിജു എന്നിവരും മുതിർന്ന നേതാക്കളായ ടി.ശരത്ചന്ദ്രപ്രസാദ്, ഡി.സുഗതൻ, വി.പി.സജീന്ദ്രൻ, എ.എ.ഷുക്കൂർ, എം.വിൻസന്റ്, റോയി കെ.പൗലോസ്, ജയ്‌സൺ ജോസഫ് എന്നിവരും വൈസ് പ്രസിഡന്റുമാരുടെ പട്ടികയിലുണ്ട്. വി.എ.നാരായണനാണ് ട്രഷറർ.
ആര്യടൻ ഷൗക്കത്ത്, ഹക്കിം കുന്നിൽ, കെ.എസ്. ശബരിനാഥ്, ബി. ആർ.എം.ഷഫീർ തുടങ്ങിയവർ ജനറൽ സെക്രട്ടറിമാരായി. നിലവിലെ 33 അംഗ രാഷ്ട്രീയകാര്യ സമിതിയിലേക്ക് എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ.ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, മുൻ മന്ത്രി പന്തളം സുധാകരൻ, സി.പി. മുഹമ്മദ്, എ.കെ.മണി എന്നിവരെക്കൂടി ഉൾപ്പെടുത്തി.