അധ്യാപക സംഘടനയായ കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ പ്രസംഗിക്കുന്നതിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗത്തിനിടെ ചെണ്ടമേളം ഉയർന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ചെണ്ടകൊട്ടിയവർക്കെതിരെ മുഖ്യമന്ത്രി പ്രസംഗത്തിനിടയിൽ രോഷം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. 'നിങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊട്ടാണോ ഇത്? പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ടിൽ നിങ്ങളുടെ കൂട്ടത്തിലുള്ള ആൾക്കാർ ചെണ്ടയെടുത്ത് കൊട്ടിക്കൊണ്ടിരിക്കുകയാണോ' -എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ചും നാടിന്റെ അവസ്ഥയെക്കുറിച്ചും ഗൗരവമായി സംസാരിക്കുമ്പോൾ ഇത് ശരിയായ കാര്യമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗൗരവതരമായ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ തടസ്സമുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി കർശനായി പറയുകയും ചെയ്തു.











































































