നിർമ്മാണം നടക്കുന്നതിനാൽ ഗതാഗതം ഒരു വശത്ത് കൂടെ മാത്രം.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കോട്ടയം കുമരകം റോഡിലെ കോണത്താറ്റ് പുതിയ പാലത്തിലൂടെ ഇന്ന് മുതൽ താൽക്കാലികമായി ഗതാഗതം ആരംഭിക്കുന്നത്.
ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ പാലത്തിലൂടെ കടത്തിവിടും.
പാലത്തിൻ്റെ ആറ്റാമംഗലം പള്ളി ഭാഗത്തുള്ള നിലവിലുള്ള ബണ്ട് റോഡിനോട് ചേർന്നുള്ള സമീപന പാത്രയുടെ നിർമ്മാണം പിന്നാലെ നടത്തും.
കൂടെ പാലത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തെ തുടർ പ്രവർത്തനങ്ങളും പൂർത്തീകരിക്കേണ്ടതുള്ളതിനാലാണ് ഗതാഗതം ക്രമീകരിക്കുന്നത്..
താൽക്കാലികമാണെങ്കിലും പാലം തുറക്കുന്നതിൻ്റെ പ്രധാന പ്രയോജനം കോട്ടയം - വൈക്കം, കോട്ടയം ചേർത്തല തുടങ്ങിയ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളെ ആശ്രയിക്കുന്ന യാത്രക്കാർക്കാണ്.
നിലവിൽ ബണ്ട് റോഡിലൂടെ വലിയ വാഹനങ്ങൾ കടത്തി വിടത്തതിനാൽ പാലത്തിൻ്റെ ഇരു കരകളിൽ യാത്ര അവസാനിപ്പിക്കുന്ന ബസുകളിൽ നിന്ന് ഇറങ്ങി മറുഭാഗത്ത് നടന്ന് എത്തി, അവിടെ കാത്ത് കിടക്കുന്ന അടുത്ത ബസിൽ കയറി തുടർ യാത്ര നടത്തേണ്ടിയിരുന്നു.
ഇതോടൊപ്പം തിരക്കേറിയ സമയത്തെ ഗതാഗത കുരുക്കും വലിയ ദുരിതമാണ് സൃഷ്ടിച്ചിരുന്നത്.
മഴ മാറി കാലാവസ്ഥ അനുകൂലമായാൽ പാലത്തിന്റെ പ്രവേശ ഭാഗത്തെ പണികൾ കൂടി അതിവേഗം നടത്തി വൈകുന്നേരത്തോടെ ഗതാഗതം ആരംഭിക്കാനാണ് ലക്ഷ്യം.
ടാറിംഗ് അടക്കം പൂർത്തിയാക്കി പാലത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് മാത്രമാകും നടക്കുക..
രാഷ്ട്രപതിയുടെ കുമരകം സന്ദർശനം ഈ മാസം 23 ന് നടക്കുന്നതിനാൽ പുതിയ പാലത്തിനൊപ്പം ബണ്ട് റോഡിലൂടെയും ഗതാഗതം തുടരും.
ടൈൽ വിരിച്ച് റോഡിൻ്റെ പ്രധാന ഭാഗം ക്രമീകരിക്കും.
ഇതോടെ വർഷങ്ങളായി കുമരകം നിവാസികൾ അനുഭവിച്ച യാത്രാ ക്ലേശത്തിന് നാളെ ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
2022 നവംബർ ഒന്നിനാണ് നാല് മീറ്റർ മാത്രം വീതിയുണ്ടായിരുന്ന പഴയ പാലം പൊളിച്ച് പുതിയതിൻ്റെ നിർമ്മാണം ആരംഭിക്കുന്നത്.