ചെന്നൈ: ഭാര്യയെയും ആണ്‍സുഹൃത്തിനെയും കൊന്ന കർഷകൻ വെട്ടിമാറ്റിയ തലകളുമായി സെൻട്രല്‍ ജയിലിലെത്തി കീഴടങ്ങി. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലാണ് സംഭവം. കള്ളക്കുറിച്ചി മലൈക്കോട്ടം സ്വദേശി കൊളഞ്ചി (60) യാണ് ഭാര്യ ലക്ഷ്മി (47) യെയും ലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന തങ്കരാജിനെ (55) യും വെട്ടിക്കൊന്നത്.
വ്യാഴാഴ്ച പുലർച്ചെ വീടിന്റെ ടെറസ്സില്‍ ലക്ഷ്മിയെയും തങ്കരാജിനെയും കണ്ട കൊളഞ്ചി അരിവാളുകൊണ്ട് ഇരുവരെയും വെട്ടിക്കൊല്ലുകയായിരുന്നു. വെട്ടിയെടുത്ത തലകള്‍ സഞ്ചിയിലാക്കി ബസുകയറി മൂന്നര മണിക്കൂറോളം യാത്രചെയ്താണ് കൊളഞ്ചി വെല്ലൂർ സെൻട്രല്‍ ജയിലിലെത്തിയത്. വീടിനു മുകളില്‍ തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തിയ പോലീസ് അന്വേഷണം തുടങ്ങുമ്പോഴേക്കും കൊളഞ്ചി കീഴടങ്ങിയിരുന്നു. വെല്ലൂരില്‍ അറസ്റ്റിലായ കൊളഞ്ചിയെ അന്വേഷണത്തിനായി കള്ളക്കുറിച്ചിയിലെത്തിച്ചു.
കൂലിപ്പണിക്കാരനായ തങ്കരാജുമായി ലക്ഷ്മിക്ക് നേരത്തേ തന്നെ അടുപ്പമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതേച്ചൊല്ലി കൊളഞ്ചി പലതവണ ഭാര്യയ്ക്ക് മുന്നറിയിപ്പു നല്‍കിയതുമാണ്. അത് അവഗണിച്ച് ലക്ഷ്മി കാമുകനൊപ്പം പോയതാണ് കൊലപാതകത്തിലേക്കുനയിച്ചത്. മൂന്നു മക്കളാണ് കൊളഞ്ചി-ലക്ഷ്മി ദമ്പതിമാർക്ക്. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. രണ്ടുപേർ പഠിക്കുകയാണ്.