ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാൻ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിൽ (എസ്ഐടി) സിപിഎം നേതൃത്വവുമായി ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ചത് അന്വേഷണ സംഘത്തിൻ്റെ വിശ്വാസ്യത തകർക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്ത് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് സിപിഎം ഫ്രാക്ഷനിൽ ഉൾപ്പെട്ടവരെ എസ്ഐടിയിൽ നിയോഗിച്ചതെന്നും വെളിപ്പെടുത്തണം.
ഹൈക്കോടതിക്ക് നൽകിയ പേരുകളിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. ഈ പേരുകൾ വന്നതിന് പിന്നിൽ സംസ്ഥാനത്തെ രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സിപിഎമ്മിനു വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണ്. ക്രമസമാധാന ചുമതലയിൽ ഇരുന്നപ്പോൾ ഇതേ ഉദ്യോഗസ്ഥൻ കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇരുന്ന് സിപിഎമ്മിനു വേണ്ടി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇയാൾ നടത്തുന്നതെന്നും സതീശൻ വിമർശിച്ചു.
എസ്ഐടിയുടെ നീക്കങ്ങൾ സർക്കാരിലേക്ക് ചോർത്തുകയും അന്വേഷണത്തെ വഴിതിരിച്ചു വിട്ട് യഥാർഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ഈ സംഘത്തിൻ്റെ ലക്ഷ്യം. ഇക്കാര്യത്തിൽ ഹൈക്കോടതി അടിയന്തിര പരിശോധനയും ഇടപെടലും നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.















































































