തിരു.: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ നാളെ തിരുവനന്തപുരത്ത് എത്തും. ഭാര്യ ഡോ. സുധേഷ് ധൻകർ ഒപ്പമുണ്ടാകും. ഗവർണ്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലാണ് അദ്ദേഹം താമസിക്കുക.
ഡൽഹിയിൽ നിന്നു നാളെ വൈകുന്നേരം അഞ്ചുമണിയോടെതിരുവനന്തപുരത്തെത്തുന്ന അദ്ദേഹം, ആദ്യം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്നു രാജ്ഭവനിലേക്കു പോകും. രാത്രി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്ന വിരുന്നിൽ പങ്കെടുക്കും. 22നു രാവിലെ 9നു ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രഭാത ഭക്ഷണം. തുടർന്നു 10.30നു നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. അവിടെ നിന്നു 12 മണിയോടെ കണ്ണൂരിലേക്കു പോകും. ഒന്നേകാലിനു കണ്ണൂർ വിമാനത്താവളത്തിലെത്തി തലശ്ശേരിയിലേക്കു പോകുന്ന അദ്ദേഹം അവിടെ അദ്ദേഹത്തിന്റെ അദ്ധ്യാപികയായിരുന്ന രത്ന നായരെ സന്ദർശിക്കും. 3.10നു വിമാനത്താവളത്തിൽ തിരികെ എത്തിയ ശേഷം ഹെലികോപ്റ്ററിൽ ഏഴിമല നേവൽ അക്കാദമിയിലേക്കു പോകും. 6.20നു ഡൽഹിയിലേക്കു മടങ്ങും.