ചവറ: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. തേവലക്കര കോട്ടപ്പുറത്ത് കിഴക്കതില്‍ നൗഫലിന്റെ ഭാര്യ ജാരിയത്ത് (22) ആണ് മരിച്ചത്. ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രസവസംബന്ധമായ ചികിത്സയിലായിരുന്ന യുവതിയെ കഴിഞ്ഞ 14-നാണ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 17-ന് രാത്രിയില്‍ ശസ്ത്രക്രിയനടത്തി കുഞ്ഞിനെ പുറത്തെടുത്തു.
ഈ സമയം താലൂക്ക് ആശുപത്രിയില്‍ അനസ്തേഷ്യ ഡോക്ടർ ഇല്ലാതിരുന്നതിനാല്‍ പുറത്തുനിന്നുള്ള ഒരു ഡോക്ടറെ വരുത്തിയാണ് അനസ്തേഷ്യ നല്‍കിയതെന്നും ആരോപണമുണ്ട്. പിന്നീട് യുവതിയുടെ ആരോഗ്യസ്ഥിതി വഷളായി. പുലർച്ചെയോടെ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ മരിച്ചു. മൃതദേഹപരിശോധനയുടെ ഫലം വന്നതിനുശേഷം നിയമനടപടികളിലേക്ക് പോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ചികിത്സാപ്പിഴവ് കാരണം യുവതി മരിച്ചതായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു. 17-ന് രാത്രിയിലാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്. ഈ സമയം താലൂക്ക് ആശുപത്രിയില്‍ അനസ്തേഷ്യ ഡോക്ടർ ഇല്ലായിരുന്നു. ഉടൻതന്നെ പുറത്തുനിന്നു മറ്റൊരു ഡോക്ടറെ വരുത്തി അനസ്തേഷ്യ നല്‍കി. പ്രസവശേഷം ഒന്നരമണിക്കൂർ കഴിഞ്ഞ യുവതിയുടെ ബിപി കുറഞ്ഞു. ബിപി കൃത്യമാക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് അയച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.