2023 സീസണിലേക്കുള്ള ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ നടക്കും. ആദ്യമായാണ് ഐപിഎൽ താര ലേലത്തിന് കേരളം വേദിയാകുന്നത്. ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക് ആണ് ലേലം ആരംഭിക്കുന്നത്. ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, തുർക്കിയിലെ ഇസ്‌താംബുൾ തുടങ്ങിയ നഗരങ്ങളെ പിന്തള്ളിയാണ് കൊച്ചി ഐപിഎൽ ലേലത്തിന് വേദിയാകുന്നത്. കഴിഞ്ഞ സീസണ് മുന്നോടിയായി മെഗാ താരലേലം നടന്നിരുന്നു. അതുകൊണ്ട് ഒരു ദിവസം മാത്രം നീളുന്ന മിനി താരലേലമാണ് ഇക്കുറി കൊച്ചിയിൽ നടക്കുക. ലേല പട്ടികയിൽ 405 താരങ്ങൾ ഉണ്ട്. ഇതിൽ 273 പേർ ഇന്ത്യൻ താരങ്ങളാണ്.
