തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ ചരിത്രപ്രസിദ്ധമായ നാഗമ്പടം മഹാദേവ ക്ഷേത്രത്തെ സംസ്ഥാന സർക്കാർ അന്തർദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി 2 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
1928 ജനുവരി 16-നാണ് നാഗമ്പടം മഹാദേവ ക്ഷേത്രത്തിന്റെ പ്രാകാരത്തിലുള്ള മാവിൻചുവട്ടിൽ വിശ്രമിക്കുന്ന സമയത്ത് ശിഷ്യർ ശിവഗിരി തീർഥാടനത്തിന്റെ ആശയം ഗുരുദേവനു മുന്നിൽ അവതരിപ്പിച്ചത്. വല്ലഭശേരി ഗോവിന്ദൻ വൈദ്യർ, ടി.കെ. കിട്ടൻ റൈറ്റർ തുടങ്ങിയ പ്രമുഖ ശിഷ്യരുടെ അഭ്യർത്ഥനയെ തുടർന്ന് ഗുരുദേവൻ ശിവഗിരി തീർഥാടനത്തിന് അനുമതി നൽകി.
വ്യക്തിജീവിതത്തെയും സാമൂഹിക ജീവിതത്തെയും ശുദ്ധീകരിച്ച് സമൂഹത്തിന്റെ നിലവാരം ഉയർത്തുവാൻ ലക്ഷ്യമിട്ടതാണ് ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ.
നാഗമ്പടം മഹാദേവ ക്ഷേത്രത്തെ അന്തർദേശീയ തീർഥാടന കേന്ദ്രമായി വികസിപ്പിക്കുന്നതിലൂടെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരുദേവന്റെ സർവ്വമാനവ ദർശനം സമൂഹത്തിലേക്ക് കൂടുതൽ വ്യാപിപ്പിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
ഈ വിഷയത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് സമർപ്പിച്ച നിവേദനം പരിഗണിച്ചാണ് ബജറ്റിനുള്ള മറുപടി പ്രസംഗത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉൾപ്പെടുത്തിയതെന്നും മന്ത്രി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.














































































