ആലപ്പുഴ: അമ്പലപ്പുഴ ദേശീയപാതയിൽ കാക്കാഴം മേൽപ്പാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 യുവാക്കൾ മരിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. നാലുപേർ തിരുവനന്തപുരം സ്വദേശികളും ഒരാൾ കൊല്ലം മൺട്രോത്തുരുത്ത് സ്വദേശിയുമാണ്. തിരുവനന്തപുരം ആലത്തൂർ യേശുദാസിന്റെ മകൻ ഷിജിൻ ദാസ് (24), ആലത്തൂർ കുളത്തിൻകര കാപ്പുകാട്ടിൽ മോഹനന്റെ മകൻ മനു (24), ആലത്തൂർ തെക്കേക്കര പുത്തൻവീട്ടിൽ ശ്രീകുമാറിന്റെ മകൻ പ്രസാദ് (25), കൊല്ലം മൺട്രോത്തുരുത്ത് അനു നിവാസിൽ രാധാമണിയുടെ മകൻ അമൽ (28), തിരുവനന്തപുരം മുട്ടി അഞ്ജനയിൽ ചാക്കോയുടെ മകൻ സുമോദ് എന്നിവരാണ് മരിച്ചത്.

ആലപ്പുഴ ഭാഗത്തേക്ക് വന്ന കാർ കൊല്ലം ഭാഗത്തേക്ക് അരി കയറ്റി വന്ന ലോറിയുമായി ഇടിച്ചാണ് അപകടം. നാലുപേർ സംഭവ സ്ഥലത്തും ഒരാൾ മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഐഎസ്ആർഒ കന്റീനിലെ ജീവനക്കാർ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ കാറിൽ പോയതായിരുന്നു. അമലാണ് ആശുപത്രിയിൽ മരിച്ചത്. ഉച്ചയോടെ പോസ്റ്റ്മോർട്ടം ചെയ്യും. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഏറെ നേരം സ്തംഭിച്ചു. ആലപ്പുഴ, തകഴി യൂണിറ്റുകളിലെ ഫയർഫോഴ്സും പൊലീസും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഏറെ നേരം ശ്രമിച്ചാണ് ഗതാഗതം പുന:സ്ഥാപിച്ചത്. കാർ പൂർണമായി തകർന്നു. കാർ ലോറിയിലേക്ക് ഇടിച്ചു കയറിയതാണെന്ന് പ്രാഥമിക നിഗമനം.