ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ തകര്‍പ്പന്‍ മുന്നേറ്റവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15-ാം റാങ്കിലെത്തിയിരിക്കുകയാണ് താരം. ഐസിസി പുതുതായി പ്രഖ്യാപിച്ച റാങ്കിങ് പട്ടികയിലാണ് താരം ആദ്യ പതിനഞ്ചില്‍ ഇടംപിടിച്ചത്.
ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനമാണ് താരത്തിന് നേട്ടമായത്. 674 പോയിന്റാണ് സിറാജിനുള്ളത്. ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആറ് റണ്‍സിന്റെ ആവേശകരമായ വിജയം നേടിക്കൊടുക്കുന്നതില്‍ സിറാജ് നിര്‍ണായക പ്രകടനമാണ് കാഴ്ചവെച്ചത്. ഓവലില്‍ മാത്രം 9 വിക്കറ്റുകളാണ് സിറാജ് നേടിയത്. അതില്‍ അവസാന ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റ് നേട്ടവും ഉള്‍പ്പെടുന്നു.
സിറാജിന്റെ കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് റാങ്കിങ്ങാണിത്. ഇതിന് മുമ്പ് 2024 ജനുവരിയിൽ 16ാം സ്ഥാനത്തെത്തിയതായിരുന്നു സിറാജിന്റെ മികച്ച റാങ്കിങ്. കഴിഞ്ഞ വർഷം നേടിയ 16-ാം റാങ്കിംഗ് മറികടന്നാണ് സിറാജ് ഇപ്പോൾ 15-ാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഓവലിൽ 8 വിക്കറ്റുകൾ നേടിയ സിറാജിന്റെ സഹതാരം പ്രസീദ്ധ് കൃഷ്ണയും കരിയറിലെ ഏറ്റവും മികച്ച റാങ്കായ 59-ാം സ്ഥാനത്തേക്ക് ഉയർന്നു.