കണ്ണൂർ: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ അതൃപ്തി ഉയരുന്ന സാഹചര്യത്തിൽ വികാരപൂർണമായ ഫേസ്ബുക്ക് പോസ്റ്റുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. "കണ്ണൂർ എന്റെ ഹൃദയരക്തമാണ്" എന്ന വാചകത്തോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചത്.
ഡൽഹിയിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട യോഗം നടക്കുന്നതിനിടെ സുധാകരൻ നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് പോസ്റ്റ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ കടുത്തിരിക്കെ അദ്ദേഹത്തിന്റെ പ്രതികരണം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്.
പോസ്റ്റിൽ കണ്ണൂരുമായി തനിക്കുള്ള ആത്മബന്ധവും പാർട്ടി പ്രവർത്തകരോടുള്ള കടപ്പാടും സുധാകരൻ വിശദീകരിക്കുന്നു. കമ്മ്യൂണിസ്റ്റ് ആക്രമണങ്ങളിൽ നിന്നും കോൺഗ്രസ് പ്രവർത്തകരെ സംരക്ഷിക്കാൻ താൻ മുന്നിൽ നിന്നു പോരാടിയതായും അദ്ദേഹം പറയുന്നു.
"കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരങ്ങളെ കമ്മ്യൂണിസ്റ്റ് കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നിൽക്കാൻ എനിക്കൊരിക്കലും സാധിക്കില്ല," എന്നാണ് പോസ്റ്റിൽ പറയുന്നത്.
കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ത്യാഗങ്ങളും പാർട്ടിക്കായി ജീവൻ നൽകിയ സഹപ്രവർത്തകരെയും അദ്ദേഹം ഓർക്കുന്നു. "എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോര വീണ മണ്ണിൽ കെ. സുധാകരൻ തലയുയർത്തി നിൽക്കും," എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലെ അസന്തോഷം തുടരുന്നതിനിടെയാണ് സുധാകരന്റെ വികാരഭരിതമായ പ്രതികരണം പുറത്തുവന്നത്.














































































