പത്തനംതിട്ട പ്രമാടത്തെ വിവാദ ഹെലിപ്പാഡ് നിർമ്മാണത്തിലെ അഴിമതി ആരോപണത്തില്‍ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നല്‍കി.
വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറ നല്‍കിയ പരാതിയെത്തുടർന്നാണ് ഈ നീക്കം. ഹെലിപ്പാഡ് നിർമ്മാണത്തിനായി 20.7 ലക്ഷം രൂപയുടെ ഭരണാനുമതി തേടിയെന്ന രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ നിർമ്മാണത്തില്‍ വലിയ തോതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമാണ്. ഇതിനിടെ, അന്വേഷണ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ഹെലിപ്പാഡ് ധൃതിപ്പെട്ട് പൊളിച്ചുനീക്കിയത് തെളിവ് നശിപ്പിക്കാനാണെന്ന സംശയവും ഉയരുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബർ 22-ന് രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിനായാണ് ഈ ഹെലിപ്പാഡ് അടിയന്തരമായി നിർമ്മിച്ചത്. എന്നാല്‍ രാഷ്ട്രപതിയുമായി എത്തിയ വ്യോമസേനയുടെ ഹെലികോപ്റ്ററിന്റെ ടയറുകള്‍ റണ്‍വേയിലെ കോണ്‍ക്രീറ്റില്‍ താഴ്ന്നുപോയത് വലിയ സുരക്ഷാവീഴ്ചയായിട്ടാണ് കണക്കാക്കുന്നത്. രാഷ്ട്രപതി പുറത്തിറങ്ങിയ ശേഷം പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് ഹെലികോപ്റ്റര്‍ തള്ളി നീക്കിയത്. ലക്ഷങ്ങള്‍ ചെലവാക്കി നിർമ്മിച്ച ഹെലിപ്പാഡിന്റെ ഗുണനിലവാരമില്ലായ്മ അന്നുതന്നെ വലിയ ചർച്ചയായിരുന്നു.
ആദ്യഘട്ടത്തില്‍ ഹെലികോപ്റ്റർ നിലയ്ക്കല്‍ ഇറക്കാനായിരുന്നു പദ്ധതിയെങ്കിലും മോശം കാലാവസ്ഥയെത്തുടർന്നാണ് അത് പ്രമാടത്തേയ്ക്ക് മാറ്റിയത്. വ്യോമസേനയുടെ കർശന മേല്‍നോട്ടത്തില്‍ രണ്ട് തവണ പ്രായോഗിക പരിശോധന നടത്തിയ ശേഷമാണ് പ്രമാടത്ത് ഹെലിപ്പാഡ് കോണ്‍ക്രീറ്റ് ചെയ്ത് ലാൻഡിംഗിനായി 'എച്ച്' (H) മാർക്ക് ചെയ്തത്. എന്നാല്‍ നിശ്ചയിച്ചിരുന്ന കൃത്യം സ്ഥാനത്ത് നിന്ന് രണ്ടടിയോളം മാറിയാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തതെന്നും, തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് അത് എച്ച് മാർക്കിലേക്ക് തള്ളി മാറ്റുകയുമായിരുന്നുവെന്നുമാണ് ഡിജിപി വ്യക്തമാക്കിയത്.















































































