ഡൽഹിയിലെ മദൻഗീറിൽ ഉറങ്ങിക്കിടന്ന ഭർത്താവിൻ്റെ ദേഹത്തേയ്ക്ക് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. 28കാരനായ ദിനേഷ് എന്നയാളുടെ മുഖത്തും ദേഹത്തുമാണ് ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്. പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
ഒക്ടോബർ മൂന്നാം തീയതിയായിരുന്നു സംഭവം. പുലർച്ചെ മൂന്നു മണിയോടെയാണ് ഉറങ്ങിക്കിടന്ന ഭർത്താവിൻ്റെ ദേഹത്തേക്ക് ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്. ഇവരുടെ എട്ടുവയസ്സുകാരിയായ മകളും സമീപത്ത് കിടക്കുന്നുണ്ടായിരുന്നു. പെട്ടെന്നൊരു വേദന തോന്നി എഴുന്നേറ്റ് നോക്കിയപ്പോഴാണ് പൊള്ളലേറ്റതാണെന്ന് ദിനേഷിന് മനസ്സിലായത്. ദേഹത്തും മുഖത്തും തിളച്ച എണ്ണ ഒഴിക്കുക മാത്രമല്ല, പൊള്ളലേറ്റ ഇടങ്ങളിൽ ഭാര്യ മുളകുപൊടി വിതറിയെന്നും ദിനേഷ് പോലീസിനോട് പറഞ്ഞു. നിലവിളിച്ചാൽ നിങ്ങളുടെ മുഖത്ത് ഇനിയും എണ്ണ ഒഴിക്കുമെന്ന് പറഞ്ഞ് ഭാര്യ ഭീഷണിപ്പെടുത്തിയെന്നും ദിനേഷ് പോലീസിനോട് പറഞ്ഞു.