കോഴിക്കോട് : കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം കെ
രാഘവനെതിരായ ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ റിപ്പോര്‍ട്ട്
തേടി. ഇന്നലെയാണ് എം കെ രാഘവന് തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചുകോടി രൂപ
ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ ഒരു ഹിന്ദിചാനല്‍ 'ടിവി 9' പുറത്തുവിട്ടത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ കലക്ടറോടും ജില്ലാ പൊലീസ് മേധാവിയോടുമാണ് ടിക്കാറാം മീണ
റിപ്പോര്‍ട്ട് തേടിയത്.
നഗരത്തില്‍ ഹോട്ടല്‍ സമുച്ചയം പണിയാന്‍ 15 ഏക്കര്‍ ഭൂമി വാങ്ങാനെന്ന വ്യാജേനയാണ് ചാനല്‍ പ്രതിനിധികള്‍ എം.കെ. രാഘവനെ കണ്ടത്. ഇടപാടിന് മധ്യസ്ഥം വഹിച്ചാല്‍ അഞ്ചുകോടി രൂപ നല്‍കാമെന്നും വാഗ്ദാനം നല്കി. പണം ഡല്‍ഹിയിലെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്പിക്കാന് രാഘവന് നിര്‍ദേശിച്ചുവെന്നുമാണ് ചാനലിന്റെ അവകാശവാദം.
രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായി കെട്ടിചമച്ചതാണ് ദൃശ്യങ്ങളെന്ന് എം.കെ. രാഘവന് ആരോപിച്ചു
എഡിറ്റ് ചെയ്തു കൂട്ടിചേര്‍ക്കലുകള്‍ നടത്തിയ ദൃശ്യങ്ങള്‍
പുറത്തുവിട്ടത് രാഷ്ട്രീയ ഗൂഡാലോചനയാണ്. ഇതിന് പിന്നില്‍ ഒരു മാഫിയാ
സംഘമുണ്ട്. ആരോപണത്തിന് പിന്നില്‍ സിപിഎമ്മിലെ കോഴിക്കോട് ജില്ലാ
നേതൃത്വത്തിന് പങ്കുണ്ട്. ഇതിന്റെ തെളിവ് ഉടന്‍ പുറത്തുവിടുമെന്നും എം കെ
രാഘവന് പറഞ്ഞു. സംഭവത്തില്‍ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട്
കലക്ടര്‍ക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും രാഘവന് പരാതി നല്കി.