കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാർ സുപ്രീംകോടതിയിൽ 17 പേജുള്ള സത്യവാങ്മൂലം സമർപ്പിച്ചു.
മതപണ്ഡിതരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും മതാചാരങ്ങളിൽ മനുഷ്യയുക്തിക്ക് അനുസരിച്ച് തീരുമാനമെടുക്കേണ്ടതില്ലെന്നും സർക്കാർ അറിയിച്ചു. സ്ത്രീപ്രവേശനം ഗുരുതര മനുഷ്യാവകാശലംഘനം അല്ലെന്നും നിലപാട് വ്യക്തമാക്കി.
മതസ്വാതന്ത്ര്യവും കോടതി ഇടപെടലും സംബന്ധിച്ച ഏഴ് ചോദ്യങ്ങൾക്കാണ് സർക്കാർ മറുപടി നൽകിയത്. സ്ത്രീപ്രവേശന ആവശ്യത്തിന് പൊതുതാൽപര്യമില്ലെന്നും പൊതുതാൽപര്യ ഹർജിയിലൂടെ തീരുമാനം എടുക്കാനാകില്ലെന്നും പറഞ്ഞു.
വിശ്വാസം യുക്തിയുടെയോ വികാരത്തിന്റെയോ അടിസ്ഥാനത്തിൽ പരിശോധിക്കേണ്ടതല്ല; അത് ആത്മാർത്ഥമായി പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് പരിശോധിക്കേണ്ടതെന്നും വ്യക്തമാക്കി. മതവിഭാഗങ്ങളുടെ ആഭ്യന്തര ആചാരങ്ങളെ പുറത്തുനിന്നുള്ളവർ ചോദ്യം ചെയ്യാനാകില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സ്ത്രീപ്രവേശനം തടയുന്നത് ഗുരുതര മനുഷ്യാവകാശലംഘനം അല്ലെന്നും നരബലി പോലുള്ള കടുത്ത പ്രശ്നങ്ങൾ ഉണ്ടായാൽ മാത്രമേ ഇടപെടൽ വേണമെന്നുമാണ് സർക്കാർ നിലപാട്.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് മുൻ നിലപാട് തിരുത്താൻ തീരുമാനിച്ചത്. 2007ൽ വി എസ് അച്യുതാനന്ദൻ സർക്കാർ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചിരുന്നുവെങ്കിലും ഉമ്മൻ ചാണ്ടി സർക്കാർ എതിർത്തിരുന്നു. 2018ൽ പിണറായി വിജയൻ സർക്കാർ വീണ്ടും അനുകൂല നിലപാട് എടുത്തിരുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്നത് ശ്രദ്ധേയമായിരുന്നപ്പോൾ പുതിയ സത്യവാങ്മൂലം സമർപ്പിച്ച് നിലപാട് തിരുത്തി.














































































