അന്തരിച്ച ചലച്ചിത്ര -ടെലിവിഷൻ താരം സുബി സുരേഷിൻ്റെ സംസ്കാരം ഇന്ന്. രാജഗിരി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ പത്ത് മണിയോടെ വരാപ്പുഴയിലെ വീട്ടിലെത്തിക്കും. തുടർന്ന് വരാപ്പുഴ പുതിയ പള്ളി ഹാളിലായിരിക്കും പൊതുദർശനം നടക്കുക. തുടർന്ന് വൈകീട്ട് ചേരാനെല്ലൂർ പൊതു ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കരൾ-ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിൻ്റെ അന്ത്യം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. തൃപ്പൂണിത്തുറ സർക്കാർ സ്കൂളിലും എറണാകുളം സെൻ്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂൾകാലത്തു തന്നെ നർത്തകിയായി പേരെടുത്തിരുന്നു. കലോത്സവങ്ങളിൽ സജീവമായിരുന്നു. ബ്രേക്ക് ഡാൻസ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളിൽ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു.സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്.

നിരവധി വിദേശ
വേദികളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.2006 -ൽ രാജസേനൻ സംവിധാനം ചെയ്ത കനക
സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ടെലിവിഷനിൽ
സുബി അവതരിപ്പിച്ചിരുന്ന പരിപാടികൾക്ക് ജനപ്രീതി ഏറെയായിരുന്നു. അച്ഛൻ: സുരേഷ്, അമ്മ: അംബിക, സഹോദരൻ: എബി സുരേഷ്.എറണാകുളം ഗവൺമെന്‍റ് ഗേൾസ്
ഹൈസ്കൂളിൽ പഠിക്കവെ ജില്ലയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ക്രോസ് കൺട്രി
മത്സരത്തിൽ വെങ്കല മെഡലും മികച്ച എൻ.സി.സി കേഡറ്റിനുള്ള ട്രോഫിയും സുബി
നേടിയിട്ടുണ്ട്.












































































