തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് അമ്മ പ്രഭാവതി അമ്മ. മകന് നീതി കിട്ടണമെന്നും മകന്റെ രംഗം കണ്ടാല്‍ കണ്ണ് ഇല്ലാത്തവര്‍ പോലും കണ്ണ് തുറക്കുമെന്നും അമ്മ പറഞ്ഞു. എങ്ങനെയാണ് കോടതി പ്രതികള്‍ കുറ്റക്കാരല്ലെന്ന് പറഞ്ഞതെന്നും പ്രഭാവതി അമ്മ ചോദിച്ചു.
അന്വേഷണത്തില്‍ ഒരു പാളിച്ചയും ഉണ്ടായിട്ടില്ല. ഒരു കളങ്കവും ഇല്ലാതെ ആണ് അന്വേഷണം നടന്നത്. കോടതിക്ക് ഹൃദയം ഉണ്ടോ എന്നാണ് ഞാന്‍ ചോദിക്കുന്നത്. ഈ കേസില്‍ ഞാന്‍ കാണാത്തതായി ആരുമില്ല. മകനെയും കൊന്ന് എന്നെയും കൊല്ലാന്‍ നോക്കിയവരെയാണ് വെറുതെ വിട്ടത്', പ്രഭാവതി അമ്മ പറഞ്ഞു.
എങ്ങനെ കോടതിക്ക് ഇത് പറയാന്‍ തോന്നിയെന്നും മകന് നീതിക്കായി ഇനിയും മുന്നോട്ട് പോകുമെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. മകന് വേണ്ടിയാണ് ജീവിച്ചതെന്നും ഇന്നും അവന്‍ അടുത്ത് ഉണ്ടെന്ന തോന്നലില്‍ ആണ് താന്‍ ജീവിക്കുന്നതെന്നും അമ്മ പറഞ്ഞു. തന്റെ ജീവിതം തന്നെ പറിച്ചെടുത്തെന്നും എല്ലാ ഓണത്തിനും തനിക്ക് ഇങ്ങനെ ഒരു ദുഃഖം ഉണ്ടാകുമെന്നും അമ്മ പറഞ്ഞു.
മകന്‍ ചെയ്ത കുറ്റം എന്താണ്. വെള്ളം കൊടുക്കാതെ ആണ് മകനെ കൊന്നത്. മകന് നീതി കിട്ടണം. നിയമപരമായി മുന്നോട്ട് പോകും', പ്രഭാവതി അമ്മ പറഞ്ഞു. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ച് പൊലീസുകാരെയാണ് ഹൈക്കോടതി ഇന്ന് വെറുതെ വിട്ടത്.
2005 സെപ്റ്റംബര്‍ 27നാണ് ഉദയകുമാര്‍ ലോക്കപ്പില്‍ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കൊല്ലപ്പെടുകയായിരുന്നു. സ്റ്റേഷനില്‍ പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉദയകുമാറിനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകളണ്ട് വ്യക്തമായിരുന്നു.