ഇന്ത്യയിലെ ഗ്രാമീണ സ്ത്രീസംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദേശീയ സരസ് മേളയ്ക്ക് ജനുവരി രണ്ടുമുതല്‍ 11 വരെ തൃത്താല നിയോജകമണ്ഡലത്തിലെ ചാലിശേരി വേദിയാകും.
ഉദ്ഘാടനം ജനുവരി രണ്ടിനു വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും.
തദ്ദേശസ്വയംഭരണവകുപ്പിനു കീഴിലുള്ള കുടുംബശ്രീ മിഷൻ കേരളത്തില്‍ സംഘടിപ്പിക്കുന്ന പതിമൂന്നാമത് സരസ് മേളയാണു തൃത്താലയില്‍ നടക്കുക. ചാലിശേരി മുലയംപറമ്പ് മൈതാനത്തും സമീപത്തു ക്രമീകരിച്ചിട്ടുള്ള പ്രത്യേക വേദിയിലുമാണ് മേള നടക്കുന്നത്. കേരളം ഉള്‍പ്പെടെ 28 സംസ്ഥാനങ്ങളില്‍നിന്നും എട്ടു കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമുള്ള 250 പ്രദർശന വിപണന സ്റ്റാളുകളില്‍ കരകൗശലവസ്തുക്കള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, ഗൃഹോപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയുടെ പ്രദർശനവും വില്പനയും നടക്കും.
നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ വിശിഷ്ടാതിഥിയാകും. മന്ത്രി കെ. കൃഷ്ണൻകുട്ടി, അബ്ദുള്‍ സമദ് സമദാനി എംപി, വി.കെ. ശ്രീകണ്ഠൻ എംപി എന്നിവർ ഉദ്ഘാടനസമ്മേളനത്തില്‍ മുഖ്യാതിഥികളാകും.
സമാപനസമ്മേളന ഉദ്ഘാടനം 11 നു വൈകുന്നേരം ആറിന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ നിർവഹിക്കും. കെ. രാധാകൃഷ്ണൻ എംപി, സിനിമാതാരം മഞ്ജു വാര്യർ എന്നിവർ മുഖ്യാതിഥികളാകും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, സജി ചെറിയാൻ, ഡോ.ആർ. ബിന്ദു, പി. രാജീവ്, പി. പ്രസാദ്, അബ്ദുറഹ്മാൻ എന്നിവർ വിവിധ ദിവസങ്ങളിലെ സാംസ്കാരികസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും.














































































