ലൈംഗിക പീഡനാരോപണങ്ങള്‍ നേരിടുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതി അന്വേഷണത്തിനിടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ചത് ലക്ഷങ്ങള്‍. പതിനേഴോളം പെണ്‍കുട്ടികളുടെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം ചൈതന്യാനന്ദ 50 ലക്ഷത്തിലധികം രൂപയാണ് പിന്‍വലിച്ചത്. വ്യത്യസ്ത പേരുകളും വിശദാംശങ്ങളും ഉപയോഗിച്ചായിരുന്നു ചൈതന്യാനന്ദ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നത്.
18 ബാങ്ക് അക്കൗണ്ടുകളാണ് ഇയാള്‍ക്ക് ഉണ്ടായിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 28 സ്ഥിര നിക്ഷേപങ്ങളും ഉണ്ടായിരുന്നു. ഇതിലെല്ലാം കൂടി ഏകദേശം എട്ടുകോടി രൂപയാണ് ഉണ്ടായിരുന്നത്. ഈ തുക അന്വേഷണസംഘം മരവിപ്പിച്ചു.
സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഇയാള്‍ക്കെ ഗുരുതര ആരോപണങ്ങളാണ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥിനികള്‍ ഉന്നയിച്ചത്. അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായും 17 പെണ്‍കുട്ടികളാണ് മൊഴി നല്‍കിയത്.
രാത്രി വൈകിയും പെണ്‍കുട്ടികളെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തുമായിരുന്നുവെന്നും വിദേശയാത്രകളില്‍ കൂടെവരാന്‍ നിര്‍ബന്ധിക്കുമായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. വനിതാ ഹോസ്റ്റലില്‍ ആരും കാണാതെ കാമറകള്‍ സ്ഥാപിച്ചിരുന്നതായും എഫ്‌ഐഐആറില്‍ പറയുന്നു.
വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ഡയറക്ടറാണ് ചൈതന്യാനന്ദ. ഫോണ്‍ മുഖേന അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതിനൊപ്പം രാത്രിയില്‍ മുറിയിലേക്ക് ക്ഷണിക്കും. വിദേശ യാത്രയില്‍ കൂടെ വരണമെന്നും യാത്രാ ചെലവ് താന്‍ വഹിക്കാമെന്നും പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ മൊഴിനല്‍കി.
ആദ്യമായി ചൈതന്യാനന്ദയെ കണ്ടപ്പോള്‍ അദ്ദേഹം മോശം രീതിയിലാണ് തന്നെ നോക്കിയതെന്നും തനിക്ക് പരിക്ക് പറ്റിയതിന്റെ മെഡിക്കല്‍ വിവരങ്ങള്‍ അദ്ദേഹത്തിന് അയക്കാന്‍ പറഞ്ഞത് പ്രകാരം കൈമാറിയെന്നും എന്നാല്‍ പിന്നീട് 'ബേബി ഐ ലവ് യൂ' എന്ന സന്ദേശമാണ് ചൈതന്യാനന്ദയില്‍നിന്നും തനിക്ക് ലഭിച്ചതെന്നും 21 കാരിയായ വിദ്യാര്‍ത്ഥിനി പറഞ്ഞിരുന്നു.