തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ ലൈംഗികാതിക്രമ പരാതിയെ "ഹണി ട്രാപ്പ്" ആണെന്ന ആരോപണവുമായി ഡോക്ടറുടെ ഭാര്യ രംഗത്ത്. പണവും ഫ്ലാറ്റും നേടാനുള്ള പദ്ധതിപൂർവമായ കുടുക്കലാണ് പരാതിക്ക് പിന്നിലെന്നാണ് ഡോ. സുനിൽകുമാറിന്റെ ഭാര്യയുടെ ആരോപണം. ഇരുവിഭാഗവും പൊലീസിൽ പരാതി നൽകിയതിനാൽ വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊലീസ് തയ്യാറെടുക്കുകയാണ്.
ഡോക്ടറുടെ ഭാര്യയുടെ വാദപ്രകാരം, ആദ്യം 500 രൂപ ഗൂഗിൾ പേ വഴി അയച്ചതോടെയാണ് യുവതിയുമായി പരിചയം ആരംഭിച്ചത്. തുടർന്ന് കുടുംബ പ്രശ്നങ്ങൾ പറഞ്ഞ് അടുത്ത ബന്ധം സ്ഥാപിക്കുകയും സാമ്പത്തിക സഹായം ആവശ്യപ്പെടുകയും ചെയ്തുവെന്നും അവർ പറയുന്നു. പിന്നീട് ആവശ്യങ്ങൾ വർധിച്ച് ഭീഷണിയിലേക്ക് മാറിയെന്നും ഫ്ലാറ്റ് വേണമെന്ന ആവശ്യവും മുന്നോട്ടുവച്ചുവെന്നും ആരോപിക്കുന്നു. അത് അംഗീകരിക്കാതിരുന്നപ്പോൾ ലൈംഗികാതിക്രമ പരാതി ഉയർന്നുവെന്നാണ് ഭാര്യയുടെ വിശദീകരണം.
നെയ്യാറ്റിൻകര സ്വദേശിയായ യുവതിയുടെ ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് കേരള വനിതാ കമ്മീഷൻ മുമ്പാകെ പരാതി നൽകിയിരുന്നുവെന്നും അവർ പറഞ്ഞു. ഇരുപക്ഷങ്ങളെയും വിളിച്ച് കൗൺസിലിംഗ് നടത്തി പ്രശ്നം തീർപ്പാക്കിയതായും അതിന് ശേഷവും പുതിയ ഫ്ലാറ്റ് നേടാനായാണ് വീണ്ടും പരാതി ഉയർത്തുന്നതെന്നും ഭാര്യ ആരോപിക്കുന്നു. കേസ് നിയമപരമായി നേരിടുമെന്നും അവർ വ്യക്തമാക്കി.
അതേസമയം, 2023 സെപ്റ്റംബറിൽ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. പല സ്ഥലങ്ങളിലും പീഡിപ്പിച്ചെന്നും രണ്ടാമത്തെ ഭാര്യയായി സ്വീകരിക്കാമെന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു.
യുവതിക്കെതിരെ ഡോ. സുനിൽകുമാറും പരാതി നൽകിയിട്ടുണ്ട്. ഇരുവിഭാഗങ്ങളുടെയും പരാതികൾ പരിശോധിച്ച ശേഷമാകും പൊലീസിന്റെ തുടർനടപടികൾ. നിലവിൽ മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിലെ യൂണിറ്റ് ചീഫായ ഡോ. സുനിൽകുമാർ അവധിയിലാണെന്നാണ് വിവരം.














































































