പുതുവര്‍ഷ പിറവി ദിനത്തിൽ മാധ്യമങ്ങളെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ഓര്‍മപ്പെടുത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം.
ലോകമെമ്പാടുമുള്ള മലയാളികള്‍ ഒറ്റ മനസ്സോടെ വയനാട് മുണ്ടക്കൈ ദുരന്തബാധിതരോടൊപ്പം നിന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കല്‍പ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമിയില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ടൗണ്‍ഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലാണ് നിര്‍മാണം. ഫെബ്രുവരിയോടെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
207 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. ബാക്കി വീടുകളുടെ പണികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നത്.`
'ബില്‍ഡ് ബാക്ക് ബെറ്റര്‍'എന്ന തത്വം ഉള്‍ക്കൊണ്ട് ഓരോ ദുരന്തബാധിതനും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം ഉറപ്പ് വരുത്തുന്നതിനായുള്ള സമഗ്ര പുനരധിവാസമാണ് ടൗണ്‍ഷിപ്പിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.














































































