തൊടുപുഴ: ഇടുക്കി കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന അനസ് ഇന്ന് തൊടുപുഴയിലെ ആക്രിക്കടയില്‍ ജോലിക്കാരനാണ്. സ്വന്തം ഡിപ്പാർട്ട്മെന്റിലെ തന്നെ ഉദ്യോഗസ്ഥർ അനസിനെ തീവ്രവാദിയാക്കിയതോടെ ജോലി പോയി. നാല് വർഷത്തെ നരകയാതനകള്‍ക്കും നിയമപോരാട്ടത്തിനും ശേഷം നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും അനസിന് ഇപ്പോളും ജോലി തിരികെ കിട്ടിയിട്ടില്ല. ഭാര്യയും മക്കളും കാൻസർ രോഗിയായ അമ്മയും അന്ധനായ സഹോദരനും ഉള്‍പ്പെടുന്ന കുടുംബത്തെ പോറ്റാൻ ഭാര്യാപിതാവിന്റെ ആക്രിക്കടയിലെ ജോലി തുടരുകയാണ് അനസ്, സർവീസില്‍ തിരികെ കയറാനുള്ള ശ്രമങ്ങളും.
2021-ല്‍ മകൻ കഞ്ചാവ് വില്‍പ്പനക്കാരുടെ കെണിയിലായെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ചെത്തിയ അയല്‍വാസിയെ സഹായിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് അനസ് പോലീസ് സേനയുടേയും നാട്ടുകാരുടേയും മുന്നില്‍ തീവ്രവാദിയായത്. വീടിന് സമീപത്ത് ഉണ്ടായിരുന്ന സ്റ്റേഡിയത്തില്‍ എത്തുന്നവർ കുട്ടികള്‍ക്ക് ലഹരി എത്തിച്ചുകൊടുക്കുന്നു എന്നായിരുന്നു അയല്‍വാസിയുടെ പരാതി. ഇവർക്ക് പോലീസില്‍ പരാതി നല്‍കാനുള്ള സഹായവും അനസ് ചെയ്തു കൊടുത്തു.
തൊട്ടടുത്തദിവസം നാട്ടുകാരനായ ഷാനവാസ് അനസിന്റെ മൊബൈലിലേക്ക് രണ്ട് വാഹനങ്ങളുടെ നമ്പർ അയച്ച് കൊടുത്തു. ഗ്രൗണ്ടില്‍ അസമയത്ത് കണ്ട രണ്ട് വാഹനങ്ങളാണ് എന്നും വണ്ടിയുമായി എത്തിയത് കുട്ടികളാണെന്നും ഷാനവാസ് അയച്ച മെസേജില്‍ ഉണ്ടായിരുന്നു. നമ്പർ കിട്ടിയാല്‍ അവരുടെ വീട്ടില്‍ അയച്ചുകൊടുക്കാമെന്നും സഹായിക്കണമെന്നുമായിരുന്നു ഷാനവാസിന്റെ ആവശ്യം. ക്രൈം ഡ്രൈവ് ആപ്പില്‍നിന്ന് ഫോണ്‍ നമ്പർ എടുത്ത് ഷാനവാസിന് നല്‍കുകയും ചെയ്തു
മൂന്ന് മാസം കഴിഞ്ഞ് ഷാനവാസ് എസ്ഡിപിഐയില്‍ ചേരുകയും ബ്രാഞ്ച് സെക്രട്ടറിയാവുകയും ചെയ്തു. 2021 ഡിസംബറില്‍ ബസ് ഡ്രൈവറുമായി ഉണ്ടായ സംഘർഷത്തില്‍ ഷാനവാസ് പോലീസിന്റെ പിടിയിലായി. ഷാനവാസിനെ കേസില്‍ ആറാം പ്രതിയാക്കി. ഇയാളെ ചോദ്യം ചെയ്ത ഡിവൈഎസ്പി ഫോണ്‍ പരിശോധിച്ചപ്പോള്‍ അനസിനെ ഷാനവാസ് ഫോണില്‍ വിളിച്ചതും വാട്സ് ആപ്പില്‍ അനസ് വാഹനങ്ങളുടെ വിവരങ്ങള്‍ അയച്ചതും കണ്ടെത്തി. ഇതിനെ ആർഎസ്‌എസിന്റെ ഡാറ്റാ ബേസ് എസ്ഡിപിഐക്ക് ചോർത്തിക്കൊടുത്തതായി പോലീസ് സേനയില്‍ത്തന്നെ വ്യാഖ്യാനങ്ങളുണ്ടായി. തൊട്ടടുത്ത ദിവസം സർവീസില്‍നിന്ന് സസ്പെൻഡ് ചെയ്യുകയും കുറ്റപത്രം നല്‍കുകയും ചെയ്തു. 24-ാമത്തെ ദിവസം അനസ് കുറ്റക്കാരനെന്ന് കാണിച്ച് ഡിവൈഎസ്പി റിപ്പോർട്ടും സമർപ്പിച്ചു. തൊട്ടുപിന്നാലെ സർവീസില്‍നിന്ന് നീക്കി.
പാർട്ടിയുമായി യാതൊരു ബന്ധമില്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാൻ ഉന്നത ഉദ്യോഗസ്ഥൻ കൂട്ടാക്കിയില്ലെന്നാണ് അനസ് പറയുന്നത്. സർവീസില്‍നിന്ന് നീക്കം ചെയ്യപ്പെട്ടതോടെ വീട്ടിലേക്ക് ആർഎസ്‌എസ് മാർച്ച് നടത്തി. തീവ്രവാദികളെന്ന് പറഞ്ഞ് തന്റേയും ഭാര്യയുടേയും മക്കളുടേയും പോസ്റ്ററുകളും ഫ്ളക്സും നാട് നീളെ പതിപ്പിച്ചു. ഒരു മാസത്തിലധികം കുട്ടികള്‍ക്ക് സ്കൂളില്‍ പോലും പോകാൻ പറ്റാത്ത സ്ഥിതിയായി. തീവ്രവാദക്കേസില്‍ എൻഐഎ അന്വേഷണം നേരിടുന്നയാളാണെന്നും അയാളെ വിളിച്ചാല്‍ കേസ് വരുമെന്നും പ്രചാരണം വന്നതോടെ അയല്‍ക്കാരുടേയും സുഹൃത്തുക്കളുടേയും മുൻപില്‍ പൂർണമായും ഒറ്റപ്പെട്ടെന്നും അനസ് പറയുന്നു.