വന്യമൃഗ ആക്രമണം തടയുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടതായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് 692 പേർ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആനയുടെ ആക്രമണത്തിൽ മാത്രം 115 പേർ കൊല്ലപ്പെട്ടു.
ഇത്തരം മേഖലകളിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിൽ പോലും ഗുരുതരമായ അനാസ്ഥയാണുള്ളത്. സോളാർ വേലികൾ എല്ലാം തകർന്ന് കിടക്കുകയാണ്. വലിയ അഴിമതിയാണ് ഇത്തരം പ്രവൃത്തികളിലെല്ലാം നടക്കുന്നത്.
കോതമംഗലത്ത് എൽദോസ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ ഒന്നാം പ്രതി സംസ്ഥാന സർക്കാരാണ്. വനം വകുപ്പ് നൽകിയിരുന്ന ഉറപ്പുകളെല്ലാം പഴായിരിക്കുകയാണ്. സംസ്ഥാനത്ത് മനുഷ്യ - മൃഗ സംഘർഷം തുടർക്കഥയാവുകയാണ്.
ആവശ്യത്തിന് വേണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പോലും വിന്യസിക്കുവാൻ വനം വകുപ്പ് തയ്യാറാവുന്നില്ല. വന്യജീവികളെ ഭയന്നാണ് വയനാട്ടിലും മറ്റ് മലയോര മേഖലയിലും ജനങ്ങൾ കഴിയുന്നത്. മലയോര നിവാസികളുടെ ജീവനും സ്വത്തിനും കൃഷിക്കും സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാവണം.
കൃഷി ചെയ്തതെല്ലാം ഒറ്റ രാത്രികൊണ്ട് വന്യജീവികൾ നശിപ്പിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനെല്ലാം ശാശ്വതമായ പരിഹാരമാണ് സർക്കാർ ഉറപ്പു വരുത്തേണ്ടതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.