അബുദാബി:
യുഎഇയിൽ 5 ദിവസത്തിനകം സ്വദേശിയെ നിയമിക്കാത്ത
കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം
അറിയിച്ചു. ജൂലൈ ഒന്നു മുതൽ പരിശോധന ഊർജിതമാക്കും. സ്വദേശിവൽക്കരണത്തിൽ കൃത്രിമം
കാട്ടുന്ന കമ്പനിക്ക് ആദ്യ തവണ ഒരു ലക്ഷം ദിർഹം പിഴ ചുമത്തുമെന്നും മന്ത്രാലയം
അറിയിച്ചു.
കൃത്രിമം
ആവർത്തിച്ചാൽ 3 ലക്ഷവും മൂന്നാം തവണയും നിയമം
ലംഘിച്ചാൽ 5 ലക്ഷം ദിർഹവുമാണ് പിഴ. അതേസമയം 2022 മുതൽ 2025 ഏപ്രിൽ
വരെ 2200 നിയമലംഘകർക്കെതിരെ നടപടി
സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള
കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ്
നിയമം.
കമ്പനികളുടെ
സൗകര്യാർത്ഥം 6 മാസത്തിൽ ഒരിക്കൽ (ജൂൺ, ഡിസംബർ
മാസങ്ങളിൽ) 1% വീതം സ്വദേശികളെ നിയമിക്കാൻ നൽകിയ കാലാവധിയാണ് ഈ 30ന് അവസാനിക്കുന്നത്. കഴിഞ്ഞ 3 വർഷങ്ങളിലെ 6 ശതമാനവും ഈ വർഷത്തെ 2 ശതമാനവും
ചേർത്ത് ഡിസംബറോടെ 8% സ്വദേശിവൽക്കരണമാണ് ഈ വിഭാഗം കമ്പനികൾ നടത്തേണ്ടത്. 2026ലെ 2% കൂടി ചേർത്താൽ നാഫിസ് പദ്ധതിയുടെ ആദ്യഘട്ടമായ 10% സ്വദേശിവൽക്കരണം പൂർത്തിയാകും.