മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 108-ാം ജന്മദിനാഘോഷം ഇന്ന് കോൺഗ്രസ് വിപുലമായ പരിപാടികളോടെ ആചരിക്കും.
ഇന്ദിരാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന ശക്തിസ്‌ഥലിൽ രാവിലെ 8നു കോൺഗ്രസ് നേതാക്കൾ പുഷ്പാർച്ചന നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ,പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ ചടങ്ങിനെത്തും.
വൈകിട്ടു 4.30നു ജവഹർ ഭവനിൽ നടക്കുന്ന ചടങ്ങിൽ, ചിലെ മുൻ പ്രസിഡന്റും ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ സമിതിയുടെ മേധാവിയുമായ മിഷേൽ ബാഷ്‌ലെറ്റിനു കഴിഞ്ഞവർഷത്തെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം സമ്മാനിക്കും. മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനും ജെൻഡർ സമത്വത്തിനുമായി നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണു പുരസ്കാരം നൽകുന്നത്.















































































