കൊച്ചി: ജവഹർ ലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്നു വീണ് പരിക്കേറ്റ സംഭവത്തിൽ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് എംഎൽ എ വക്കീൽ നോട്ടീസ് അയച്ചു.
മൃദംഗ നാദം നൃത്തസന്ധ്യക്കിടെ ഗാലറിയിൽ ഒരുക്കിയ താത്കാലിക ഉദ്ഘാടന വേദിയിൽ നിന്നു വീണുണ്ടായ അപകടത്തിന്റെ ആഘാതം ഇപ്പോഴും തുടരുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സ്റ്റേഡിയം ഉടമകളായ ജിസിഡിഎയ്ക്ക് നോട്ടീസ് അയച്ചത്. നഷ്ട പരിഹാരം നല്കിയില്ലെങ്കിൽ നിയമപരമായ തുടർ നടപടി സ്വീകരിക്കുമെന്നാണ് അഡ്വ. പോൾ ജേക്കബ് മുഖേന നൽകിയ നോട്ടീസിൽ പറയുന്നത്.
സംഘാടകരായ മൃദംഗ വിഷൻ ആൻഡ് ഓസ്കാർ ഇവന്റ് മാനേജ്മെന്റിന്റെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണു ജിസിഡിഎ സ്റ്റേഡിയം അനുവദിച്ചതെന്ന് നോട്ടീസിൽ ആരോപിക്കുന്നു.
തറനിരപ്പിൽ നിന്ന് 10.5 മീറ്റർ ഉയരത്തിൽ ഗാലറിയുടെ മുകളിൽ താത്കാലികമായി തയാറാക്കിയ വേദിക്ക് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല. കൈവരി ഉണ്ടായിരുന്നില്ല. മുന്നിര സീറ്റിന് മുൻ ഭാഗത്ത് ഉണ്ടായിരുന്നത് 50 സെന്റിമീറ്റർ സ്ഥലമാണ്. ഇതിലൂടെ നടക്കുമ്പോഴാണ് തലയടിച്ചു താഴെ വീണത്.
സ്ട്രെച്ചർ പോലും അവിടെ ഉണ്ടായിരുന്നില്ല. അപകട ശേഷം സ്റ്റേഡിയത്തിനുപുറത്ത് എത്തിക്കാൻ പത്തു മിനിറ്റെടുത്തു. ഒമ്പത് ദിവസത്തിനുശേഷമാണ് ബോധം വീണ്ടെടുക്കാനായത്. സ്വതന്ത്രമായി നടക്കാൻ മാസങ്ങളെടുത്തു. ഇപ്പോഴും പൂർണമായും ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ലെന്നും നോട്ടീസിൽ പറയുന്നു.















































































