എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി. എൻ വാസവൻ. പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളിയെന്നും കേരളമാകെ പറന്നുനടന്ന് സംഘടനയെ വളര്‍ത്തിയെന്നും വി.എൻ വാസവന്‍ പറഞ്ഞു
എസ്‌എന്‍ഡിപി യോഗം ശിവഗിരി യൂണിയന്‍ മന്ദിര ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുത്തഴിഞ്ഞ പുസ്തകത്തെ ചിട്ടപ്പെടുത്തി വായിക്കാന്‍ പറ്റുന്ന തരത്തില്‍ മാറ്റിയെടുത്തത് വെള്ളാപ്പള്ളിയാണെന്നും, മൂന്നു പതിറ്റാണ്ടുകാലം തുടർച്ചയായി സംഘടനയെ നയിച്ച് ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി അദ്ദേഹം വളര്‍ന്നുവെന്നും മന്ത്രി പറഞ്ഞു. പ്രവർത്തനവും മനസ്സും യൗവ്വന തുടിപ്പോടുകൂടി ഇന്നും മുന്നോട്ടുപോകുന്നു. ഇങ്ങനെ ഒരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, വര്‍ക്കലയില്‍ നിന്ന് നല്ലത് കേട്ടതില്‍ സന്തോഷമുണ്ടെന്ന് വെളളാപ്പളളി ചടങ്ങില്‍ പറഞ്ഞു. തന്നെ ഒരുപാട് കുറ്റം പറഞ്ഞ സ്ഥലമാണിത്. മാറി നിന്ന് കുറ്റം പറയുന്നത് സംഘടനക്ക് നല്ലതല്ലെന്നും വെളളാപ്പളളി പറഞ്ഞു. വി.എസ് അച്യുതാനന്ദനുള്‍പ്പടെയുള്ള നേതാക്കള്‍ തന്ന പ്രേരണയാണ് പ്രസ്ഥാനത്തെ ചേർത്തു പിടിക്കാൻ കാരണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.












































































