ബ്രേക്കിനു പകരം ഡ്രൈവർ ആക്സിലറേറ്ററില്‍ ചവിട്ടിയതിനെത്തുടർന്ന് അമിതവേഗത്തില്‍ നടപ്പാതയിലേക്കു പാഞ്ഞുകയറിയ കാർ റോഡരികില്‍നിന്ന അഞ്ചുപേരെ ഇടിച്ചുതെറിപ്പിച്ചു. പരിക്കേറ്റവരില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. ഇവർ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ജനറല്‍ ആശുപത്രിക്കു മുന്നിലായിരുന്നു സംഭവം.
ഇവിടത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിലെ ഡ്രൈവർമാരായ കുറ്റിച്ചല്‍ സ്വദേശി സുരേന്ദ്രൻ(50), അഴിക്കോട് സ്വദേശി ഷാഫി(36), അയിരൂപ്പാറ സ്വദേശി കുമാർ(36), വഴിയാത്രക്കാരായ മുട്ടത്തറ സ്വദേശി ശ്രീപ്രിയ, കൊല്ലം ശാസ്താംകോട്ട സ്വദേശി ആഞ്ജനേയൻ എന്നിവർക്കാണ് പരിക്കേറ്റത്.
അപകടത്തില്‍ ഗുരുതര പരിക്കേറ്റയാളെ ജനറല്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
ഇതില്‍ നിസാര പരിക്കേറ്റ കുമാറിന് ജനറല്‍ ആശുപത്രിയില്‍ത്തന്നെ ചികിത്സ ലഭ്യമാക്കി. കാർ ഓടിച്ചിരുന്ന വട്ടിയൂർക്കാവ് വലിയവിള കവിതാ ഭവനില്‍ എ.കെ. വിഷ്ണുനാഥിനും ഒപ്പമുണ്ടായിരുന്ന അമ്മാവൻ വലിയവിള അരയല്ലൂർ സ്വദേശി വിജയനും പരിക്കില്ല. നേരത്തേ ലൈസൻസ് എടുത്തിട്ടുള്ള വിഷ്ണു കൈ തെളിയാനായി അമ്മാവനൊപ്പം കാർ ഓടിച്ചതാണെന്ന് പോലീസ് പറയുന്നു.
പേട്ട ഭാഗത്തുനിന്നു വന്ന കാർ ജനറല്‍ ആശുപത്രിയുടെ ആദ്യ രണ്ട് പ്രവേശനകവാടങ്ങള്‍ക്കിടയ്ക്കുള്ള നടപ്പാതയിലേക്കാണ് ഇടിച്ചുകയറിയത്. കൈവരികള്‍ തകർത്തശേഷം ഓട്ടോസ്റ്റാൻഡില്‍ നിന്നവരെ ഇടിച്ചുതെറിപ്പിച്ചു. ജനറല്‍ ആശുപത്രിക്കു മുന്നിലുള്ള സിഗ്നലില്‍ ചുവപ്പ് തെളിഞ്ഞപ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടാൻ ശ്രമിച്ചു. പക്ഷേ, ആക്സിലറേറ്ററിലാണ് കാലമർന്നത്. ഇതാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു.
ഞായറാഴ്ചയായതിനാല്‍ തിരക്ക് കുറവായിരുന്നതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. ഗുരുതരമായി പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രാഥമികശുശ്രൂഷകള്‍ നല്‍കിയശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കാർ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന പലരും തലനാരിഴയ്ക്കാണ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്.
പരിക്കേറ്റ ശ്രീപ്രിയനും ആഞ്ജനേയനും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഹൗസ് കീപ്പിങ് വിഭാഗം ജീവനക്കാരാണ്. കാർ ഓടിച്ച വിഷ്ണുവിനെയും ഒപ്പമുണ്ടായിരുന്ന വിജയനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കുമെന്ന് പോലീസ് പറഞ്ഞു.