ആലപ്പുഴ: തോട്ടപ്പള്ളിയില്‍ തനിച്ചുതാമസിച്ചിരുന്ന അറുപത്തിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ആദ്യം അറസ്റ്റിലായ ആളല്ല യഥാർഥ പ്രതിയെന്ന് പോലീസ്. സ്വർണം ഉള്‍പ്പെടെയുള്ളവ മോഷ്ടിക്കാനെത്തിയ ദമ്പതിമാരാണ് കൊല നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കരുതുന്നത്.
തൃക്കുന്നപ്പുഴ മുട്ടേക്കാട്ടില്‍ സൈനുലാബ്ദീൻ (43), ഭാര്യ അനീഷ (38) എന്നിവരാണ് പ്രതികള്‍. സൈനുലാബ്ദീനെ റിമാൻഡുചെയ്തു. അപസ്മാര ലക്ഷണം കണ്ടതിനാല്‍ അനീഷയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയതായി ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ അറിയിച്ചു. കൊലപാതകക്കുറ്റത്തില്‍നിന്നു മാത്രമാണ് ആദ്യം അറസ്റ്റിലായ മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട്ടില്‍ അബൂബക്കർ (68) മുക്തനായത്. ഇയാള്‍ ഇപ്പോഴും ജയിലിലാണ്. ബലാത്സംഗമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഇയാള്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഈ മാസം 17-നാണ് അറുപത്തിരണ്ടുകാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവർ ബലാത്സംഗത്തിനിരയായിരുന്നു. മോഷണം പോയ ഇവരുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതോടെയാണ് യഥാർഥ പ്രതികളിലേക്ക് പോലീസെത്തിയത്. രണ്ടുവർഷം മുൻപ് സൈനുലാബ്ദീൻ കൊല്ലപ്പെട്ട സ്ത്രീയുടെ വീടിനു സമീപം വാടകയ്ക്കു താമസിച്ചിരുന്നു. അതിനാല്‍, മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണ് പോലീസ് നിഗമനം. പ്രതികള്‍ വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. മുളകുപൊടി വിതറുകയും ചെയ്തു.
കൊല്ലപ്പെട്ട സ്ത്രീയുടെ സമ്പാദ്യം എത്രയെന്നതു സംബന്ധിച്ച് ആർക്കും ധാരണയില്ല. അതിനാല്‍, എന്തൊക്കെ മോഷണം പോയെന്നതില്‍ വ്യക്തതയില്ല. അബൂബക്കർ വീട്ടിനകത്തുണ്ടായിരുന്ന സമയം പ്രതികള്‍ തൊട്ടപ്പുറത്തെ വീടിന്റെ പരിസരത്തുണ്ടായിരുന്നെന്നു സംശയമുണ്ട്.
താനാണ് കൊല നടത്തിയതെന്ന് കുറ്റസമ്മതം നടത്തിയതിനെത്തുടർന്നാണ് കഴിഞ്ഞദിവസം അബൂബക്കറെ അറസ്റ്റുചെയ്തത്. അബൂബക്കർ 12 മണിയോടെ സ്ത്രീയുടെ വീട്ടിലെത്തിയിരുന്നതായും ബലാത്സംഗം നടന്നതായും പോലീസ് പറയുന്നു. ബലാത്സംഗത്തിനിടെ ഇവർ ബോധരഹിതയായപ്പോള്‍ മരിച്ചെന്നു തെറ്റിദ്ധരിച്ചതാകാം അബൂബക്കർ കുറ്റസമ്മതം നടത്താൻ കാരണമെന്നാണു വിവരം. അബൂബക്കറിനെതിരേ കൊലപാതകക്കുറ്റമുള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇയാളെ ഇതില്‍നിന്നൊഴിവാക്കും. പുതുതായി ഏതൊക്കെ വകുപ്പുകള്‍ ചുമത്തുമെന്നതു കൂടുതല്‍ പരിശോധിച്ച ശേഷമേ തീരുമാനിക്കൂവെന്ന് പോലീസ് വ്യക്തമാക്കി.