ബെംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ എസ്ബിഐ ശാഖയിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച കവർന്ന സ്വർണ്ണത്തിന്റെയും പണത്തിന്റെയും ഒരു ഭാഗം കൂടി മഹാരാഷ്ട്രയിൽ നിന്ന് കണ്ടെത്തി. സോലാപൂർ ജില്ലയിലെ ഹുലജണ്ട എന്ന ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്നാണ് ഈ ബാഗ് കണ്ടെത്തിയത്. ബാഗിനകത്ത് എത്ര സ്വർണവും പണവും ഉണ്ടെന്ന് വ്യക്തമല്ല. കർണാടകത്തിൽ നിന്നും എത്തിയ പൊലീസ് സംഘവും മഹാരാഷ്ട്രയിലെ പൊലീസും ഇത് തിട്ടപ്പെടുത്തുകയാണ്. ബാഗ് കിട്ടിയെങ്കിലും പ്രതികളെ ആരെയും ഇനിയും പിടികൂടാൻ ആയിട്ടില്ല. രക്ഷപ്പെട്ട പ്രതികളുടെ പക്കൽ രണ്ട് ബാഗുകളിലായി സ്വർണവും പണവും ഇപ്പോഴും ഉണ്ടെന്നാണ് കരുതുന്നത്. ഇവർക്കായി മഹാരാഷ്ട്ര പൊലീസിനോട് ചേർന്ന് കർണാടക പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വിജയപുര ജില്ലയിലെ എസ്ബിഐ ബ്രാഞ്ച് കൊള്ളയടിച്ച അഞ്ചംഗസംഘം എട്ടു കോടി രൂപയും 50 പവൻ സ്വർണവുമാണ് കവർന്നത്. രക്ഷപ്പെടാൻ ഉപയോഗിച്ച കാർ മഹാരാഷ്ട്രയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വിജയപുര ജില്ലയിലെ ചഡ്ചാൺ ടൗണിലെ എസ്ബിഐ ശാഖയാണ് കൊള്ളയടിച്ചത്. മുഖംമൂടി ധരിച്ച് എത്തിയ അഞ്ചംഗ സംഘം തന്നെയും ജീവനക്കാരെയും കെട്ടിയിട്ട് പണവും സ്വർണവും കവർന്നെന്നാണ് മാനേജർ പൊലീസിന് മൊഴി നൽകിയത്. കൊള്ള സംഘത്തിന്റെ പക്കൽ നാടൻ തോക്കുകളും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നതായും മാനേജർ മൊഴി നൽകിയിട്ടുണ്ട്.
എട്ടു കോടി രൂപയും 50 പവൻ സ്വർണവും നഷ്ടപ്പെട്ടെന്നാണ് വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. മഹാരാഷ്ട്ര കേന്ദ്രീകരിച്ചിരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ എന്നാണ് പൊലീസിന്റെ നിഗമനം. ഇത് ശരിവെക്കുന്ന തരത്തിൽ കൊള്ളയ്ക്കുശേഷം സംഘം രക്ഷപ്പെട്ടെന്ന് കരുതുന്ന വാഹനം മഹാരാഷ്ട്രയിലെ സോലാപൂരിൽ കണ്ടെത്തിയിട്ടുണ്ട്. KA 24 DH 2456 എന്ന മാരുതി ഇക്കോ വാനാണ് കണ്ടെത്തിയത്. പണവും സ്വർണവുമായി രക്ഷപ്പെടുന്നതിനിടെ കാർ ആടുകളെ ഇടിക്കുകയും നാട്ടുകാരുമായി തർക്കം ഉണ്ടാവുകയും ചെയ്തതായി പ്രദേശവാസികൾ അറിയിച്ചു.
തങ്ങൾക്ക് നേരെ തോക്ക് ചൂണ്ടിയ ശേഷം സംഘം ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ഗ്രാമീണർ നൽകിയിരിക്കുന്ന മൊഴി. കൊള്ളയടിച്ച സ്വർണത്തിന്റെ ഒരു ഭാഗം വാഹനത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടാൻ ആകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.