അന്താരാഷ്ട്ര ക്രിക്കറ്റില്‍ 28,000 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ മൂന്നാമത്തെ ബാറ്റ്‌സ്മാൻ എന്ന ചരിത്ര നേട്ടം വിരാട് കോഹ്‌ലി സ്വന്തമാക്കിയിരിക്കുകയാണ്.
ഇന്ന് വഡോദരയിലെ ബി.സി.എ സ്റ്റേഡിയത്തില്‍ ന്യൂസിലൻഡിനെതിരെ നടന്ന ഒന്നാം ഏകദിന മത്സരത്തിലാണ് മുപ്പത്തിയേഴുകാരനായ കോഹ്‌ലി ഈ നാഴികക്കല്ല് പിന്നിട്ടത്.
മത്സരത്തിന് മുൻപ് ഈ നേട്ടത്തിലെത്താൻ 25 റണ്‍സ് കൂടി വേണ്ടിയിരുന്ന കോഹ്‌ലി, ഇന്ത്യൻ ഇന്നിംഗ്‌സിന്റെ പതിമൂന്നാം ഓവറില്‍ ആദിത്യ അശോകിനെ ഫോറടിച്ചാണ് 28,001 റണ്‍സിലെത്തിയത്. ഇതിഹാസ താരം സച്ചിൻ ടെണ്ടുല്‍ക്കർ (34,357), കുമാർ സംഗക്കാര (28,016) എന്നിവർ മാത്രമാണ് ഇനി റണ്‍വേട്ടയില്‍ കോഹ്‌ലിക്ക് മുന്നിലുള്ളത്. 309 ഏകദിനങ്ങളില്‍ നിന്ന് 14,575 റണ്‍സും, 123 ടെസ്റ്റുകളില്‍ നിന്ന് 9,230 റണ്‍സും, 125 ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് 4,188 റണ്‍സും ഉള്‍പ്പെടെ 52.58 എന്ന മികച്ച ശരാശരിയിലാണ് ഈ റണ്‍മല കോഹ്‌ലി പടുത്തുയർത്തിയത്.
തന്റെ കരിയറില്‍ ആകെ 84 സെഞ്ച്വറികളും 145 അർദ്ധ സെഞ്ച്വറികളും അദ്ദേഹം ഇതിനോടകം നേടിയിട്ടുണ്ട്. ഈ മത്സരത്തില്‍ 42 റണ്‍സ് കൂടി അധികം നേടാനായാല്‍ സംഗക്കാരയെ മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി കോഹ്‌ലി മാറും.












































































