ഹരിപ്പാട്: ആന ചുഴറ്റിയെറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ഹരിപ്പാട് തുലാംപറമ്പ് കൊട്ടാരത്തിൽ പറമ്പിൽ സുന്ദരൻ ആചാരിയാണ് (61) മരിച്ചത്.ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ സ്കന്ദൻ്റെ ആക്രമണത്തിലാണ് സുന്ദരൻ ആചാരിക്ക് പരിക്കേറ്റത്.കഴിഞ്ഞ അഞ്ചാം തീയതി വൈകിട്ടാണ് സംഭവം.സുന്ദരൻ ആചാരിയുടെ വീടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ആനയെ തളച്ചിരുന്നത്.കൗതുകത്തിന് ആനയുടെ അടുത്തു ചെന്ന സുന്ദരനെ സ്കന്ദൻ തുമ്പികൈ കൊണ്ട് ചുഴറ്റിയെടുത്ത് താഴേക്ക് എറിയുകയായിരുന്നു.താഴെ വീണ ഇദ്ദേഹത്തെ വീണ്ടും അക്രമിക്കാൻ ആന ശ്രമിച്ചെങ്കിലും കൂടെയുണ്ടായിരുന്ന സുഹൃത്ത് യദു വലിച്ച് നീക്കി രക്ഷപ്പെടുത്തുകയായിരുന്നു.ആനയുടെ അക്രമത്തിൽ തോളെല്ലിനും വാരിയെല്ലുകൾക്കും ഗുരുതര ഒടിവ് സംഭവിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആചാരി ഇന്ന് പുലർച്ചെയാണ് മരിച്ചത്.
