കീറ്റോ: ഇക്വഡോറില്‍ ടെലിവിഷന്‍ ചാനല്‍ സ്റ്റുഡിയോയില്‍ ആക്രമണം. തത്സമയ സംപ്രേഷണത്തിനിടെ സ്റ്റുഡിയോയില്‍ അതിക്രമിച്ചുകയറിയ മുഖംമൂടിയിട്ട തോക്കുധാരികള്‍ ജീവനക്കാരെ ബന്ദികളാക്കി. ഇക്വഡോറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനിടെയാണ് ആക്രമണം.
ഗ്വയാക്വില്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടിസി ടെലിവിഷന്‍ ചാനലിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ പിസ്റ്റളും ഡൈനാമൈറ്റുമായി സ്റ്റുഡിയോയിലേക്ക് കടന്നുകയറുകയായിരുന്നു. ആക്രമികള്‍ സ്റ്റുഡിയോയില്‍ പ്രവേശിക്കുന്നതിന്റെയും ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നതിന്റെയും തത്സമയ ദൃശ്യങ്ങളും പുറത്തുവന്നു. ഇതിന് തൊട്ടുപിന്നാലെ പതിനഞ്ച് മിനിറ്റോളം ചാനലിലെ തത്സമയ സംപ്രേഷണം തടസപ്പെട്ടു.
സംഭവത്തില്‍ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇക്വഡോര്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ലഹരി മാഫിയയുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസം ഒരു ലഹരി മാഫിയാ തലവന്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിരവധി അക്രമങ്ങളാണ് ഇക്വഡോറില്‍ അരങ്ങേറുന്നത്. ഇതേതുടര്‍ന്ന് തിങ്കളാഴ്ചയാണ് പ്രസിഡന്റ് ഡാനിയല്‍ നൊബോവ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.















































































