ഇന്ന് മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സലുകളിൽ എത്ര സമയത്തിനകം ഭക്ഷണം കഴിക്കണമെന്നുള്ള സ്റ്റിക്കർ നിർബന്ധം.അതോടൊപ്പം ഭക്ഷണം തയാറാക്കിയ സമയവും രേഖപ്പെടുത്തണം. സ്റ്റിക്കർ ഇല്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ നിരോധിച്ചിട്ടുണ്ട്. അതേസമയം ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിന് രണ്ടാഴ്ചകൂടി സാവകാശം അനുവദിച്ചു. ഇന്ന് മുതൽ പരിശോധന നടത്തുമെങ്കിലും ഫെബ്രുവരി 16 മുതലേ നടപടികളിലേക്ക് കടക്കൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഹെൽത്ത് കാർഡ് എടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും സാവകാശം വേണമെന്നുമുള്ള ഹോട്ടൽ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് രണ്ടാഴ്ച സാവകാശം അനുവദിച്ചത്.അതത് ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും ഇന്നു മുതൽ പരിശോധന നടത്തും. ഹെൽത്ത് ഇൻസ്പെക്ടർമാർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കുന്നതാണ്.
