പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ലഭിച്ച സ്വർണമോതിരം കാണാതായ സംഭവത്തില്‍ കായംകുളം നഗരസഭ മുൻചെയർപേഴ്സണ്‍ പി.ശശികലക്കെതിരെ പൊലീസ് കേസ്.
2023 ഡിസംബർ 22നാണ് നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങളായ രാജിക, ശ്രീവിദ്യ എന്നിവർക്ക് മോതിരം ലഭിച്ചത്. ഇവർ ഇത് നഗരസഭയില്‍ ഏല്‍പ്പിച്ചു. 11 ഗ്രാം തൂക്കമുണ്ടെന്ന് പറയപ്പെടുന്ന മോതിരം പിന്നീട് കാണാതായി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഫല്‍ എസ്. ചെമ്പകപ്പള്ളി കായംകുളം ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രാജികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശശികലയെ ഒന്നാംപ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. നഗരസഭയിലെ ജൂനിയർ ഹെല്‍ത്ത് സൂപ്രണ്ടിനെയും ജനറല്‍ സൂപ്രണ്ടിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം, പരാതിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണന്ന് പി.ശശികല പറഞ്ഞു.














































































