ഗുജറാത്തിൽ നിന്ന് പുറപ്പെട്ട ചരക്ക് കപ്പലിന് ഒമാന്‍ ഉള്‍ക്കടലില്‍ വച്ച് തീപ്പിടിച്ചു. ചരക്കു കപ്പലിന് രക്ഷയായി ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് തബര്‍. എംടി യി ചെങ് 6 എന്ന കപ്പലാണ് തീപ്പിടിച്ചത്. ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി ഒമാന്‍ ഉള്‍ക്കടലിലുണ്ടായിരുന്ന ഐഎന്‍എസ് തബറിന് ചരക്കുകപ്പലില്‍നിന്ന് അപായ സന്ദേശം ലഭിക്കുകയായിരുന്നു.
പലാവു ദ്വീപിന്റെ പതാകയേന്തിയ കപ്പലിന്റെ എന്‍ജിന്‍ റൂമില്‍നിന്നാണ് തീ പടർന്നത്. ഇതേത്തുടര്‍ന്ന് കപ്പലിലെ വൈദ്യുതി പൂര്‍ണമായും തകരാറിലായി. ഞായറാഴ്ച വൈകീട്ടോടെയാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടെന്ന സന്ദേശം ഐഎന്‍എസ് തബറിന് ലഭിക്കുന്നത്. 13 ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരും അഞ്ച് കപ്പല്‍ ജീവനക്കാരുമാണ് ഐഎന്‍എസ് തബറില്‍ ഉണ്ടായിരുന്നത്.
സംഭവമറിഞ്ഞയുടന്‍ തന്നെ കപ്പല്‍ അപകടസ്ഥലത്തേക്ക് തിരിച്ച് അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കിയതായും ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞതായും ഇന്ത്യന്‍ നാവികസേന പിന്നീട് സാമൂഹിക മാധ്യമമായ എക്‌സില്‍ അറിയിച്ചു. ഹെലിക്കോപ്ടറും ബോട്ടും ഉപയോഗിച്ച് ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു.
ഗുജറാത്തിലെ കാണ്ട്‌ലയില്‍നിന്ന് ഒമാനിലെ ഷിനാസിലേക്ക് പുറപ്പെട്ടതായിരുന്നു എംടി യി ചെങ് 6 എന്ന ചരക്കുകപ്പല്‍. ഇന്ത്യന്‍ വംശജരായ 14 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
ഈ മാസമാദ്യം സിംഗപ്പൂര്‍ പതാകയേന്തിയ വാന്‍ ഹായ് 503 ചരക്കുകപ്പലും കേരള സമുദ്രാതിര്‍ത്തിയില്‍വെച്ച് തീ പിടിച്ച് അപകടത്തില്‍പ്പെട്ടിരുന്നു. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട കപ്പലാണ് തീപ്പിടിച്ചത്. കപ്പലിലെ തീയണയ്ക്കലിന് ഇന്ത്യന്‍ നാവികസേനയാണ് നേതൃത്വം നല്‍കിയിരുന്നത്.