തൃശൂർ: കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കി. സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിലാണ് കലാമണ്ഡലം പ്രവർത്തിക്കുന്നത്. ചാൻസലർ സ്ഥാനത്തു നിന്ന് നീക്കിക്കൊണ്ട് സാംസ്കാരിക വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
'സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണ്ണറെ നീക്കുന്നതിന്റെ ആദ്യ പടിയായാണ് ഗവർണ്ണറെ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ പദവിയിൽ നിന്ന് നീക്കിയത്.
കലാ സാംസ്കാരിക രംഗത്തെ പ്രമുഖൻ ചാൻസിലറാകുമെന്നാണ് വിവരം. കൽപിത സർവകലാശാലയാണ് കേരള കലാമണ്ഡലം. 2006 മുതൽ സംസ്ഥാന ഗവർണ്ണറാണ് കലാമണ്ഡലത്തിന്റെ ചാൻസലർ.
സംസ്ഥാനത്തെ ചാൻസലർ സ്ഥാനത്തു നിന്നും ഗവർണ്ണറെ മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് തന്നെയെന്ന് വ്യക്തമാക്കുകയാണ് ഈ ഉത്തരവിലൂടെ ഇടതു സർക്കാർ. അതേസമയം, നിയമപരമായി ഈ നീക്കത്തിന് എത്രത്തോളം സാധുതയുണ്ടെന്ന് വിലയിരുത്തപ്പെടേണ്ടിയിരിക്കുന്നു.