തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മിനിറ്റ്‌സ് വിവാദത്തില്‍ നിയമനടപടിയുമായി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനും മുന്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പനുമെതിരെ ഇടത് സിന്‍ഡിക്കേറ്റ് അംഗം ഡോ. ലെനില്‍ ലാല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി. സിന്‍ഡിക്കേറ്റ്‌സിന്റെ മിനിറ്റ്‌സില്‍ വി സിയും മിനി കാപ്പനും തിരിമറി നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. വഞ്ചന, ഔദ്യോഗിക രേഖകളില്‍ കൃത്രിമം വരുത്തല്‍, ഗൂഢാലോചന എന്നീ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ ദുരുദ്ദേശത്തോടുകൂടി മിനിറ്റ്‌സ് തിരുത്തിയതായി പരാതിയില്‍ പറയുന്നുണ്ട്. സിൻഡിക്കേറ്റ് യോഗം കൈക്കൊള്ളാത്ത തീരുമാനങ്ങള്‍ എഴുതി ചേര്‍ത്തു. മിനി കാപ്പന് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജിന്റെ ചുമതല നല്‍കിയത് സര്‍വകലാശാല ചടങ്ങളുടെ ലംഘനമാണെന്നും നടപടി അംഗീകരിക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനം കൈക്കൊണ്ടിരുന്നു. എന്നാല്‍ വൈസ് ചാന്‍സലര്‍ തയ്യാറാക്കിയ മിനിറ്റ്‌സില്‍ ഈ ഭാഗം ബോധപൂര്‍വം ഒഴിവാക്കി. സ്വയം നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ മറച്ചുവെയ്ക്കാനായി വി സി മിനിറ്റ്‌സില്‍ ബോധപൂര്‍വം തിരുത്തല്‍ വരുത്തുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അന്ത്യന്തം നിയമപ്രാധാന്യമുള്ള ഒരു രേഖ സ്വന്തം നിലയ്ക്ക് വ്യക്തി താത്പര്യം മുന്‍നിര്‍ത്തി തിരുത്തുക വഴി ഗുരുതര ക്രിമിനല്‍ കുറ്റമാണ് വൈസ് ചാന്‍സലര്‍ നടത്തിയത്. നടപടി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളോട് കാട്ടിയ വിശ്വാസ വഞ്ചനയാണ്. വി സിയുടെ കുറ്റകൃത്യം അദ്ദേഹത്തിന്റെ മെയില്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും. സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രധാന എതിര്‍കക്ഷി വൈസ് ചാന്‍സലറാണ്. മിനിറ്റ്‌സില്‍ തിരുത്തല്‍ വരുത്തിയതോടെ കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് മോഹനന്‍ കുന്നുമ്മല്‍ നടത്തിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനായിരുന്നു കേരള സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നത്. ഇതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. യോഗത്തിന് പിന്നാലെ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ മിനിറ്റ്‌സ് തിരുത്തിയെന്ന ആരോപണവുമായി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു. ഇതേ യോഗത്തില്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ നീക്കിയിരുന്നു. ജോയിന്റ് രജിസ്ട്രാറായിരുന്ന ആര്‍ രശ്മിക്കായിരുന്നു പകരം ചുമതല നല്‍കിയത്.