ന്യൂഡല്‍ഹി: ലിവ് ഇന്‍ റിലേഷന്‍ അത്യധികം അപകടകരമായ രോഗമാണെന്നും അത് തടയാന്‍ നിയമം കൊണ്ടുവരണമെന്നും ബിജെപി എംപി ധരംബീര്‍ സിങ്. ലോക്സഭയിലെ ശൂന്യവേളയിലാണ് ഹരിയാന എംപി ധരംബീര്‍ സിങ് ഈ വിഷയം ഉന്നയിച്ചത്.പ്രണയിച്ചു വിവാഹം കഴിക്കുന്നവര്‍ക്കിടയില്‍ വിവാഹമോചനം വര്‍ധിക്കുകയാണെന്നും ഇത്തരം വിവാഹങ്ങളില്‍ വധുവിന്റെയും വരന്റെയും രക്ഷിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്നും ധരംബീര്‍ ആവശ്യപ്പെട്ടു.
'വളരെ ഗൗരവമാര്‍ന്ന ഒരു വിഷയത്തിലേക്ക് സര്‍ക്കാരിന്റെയും പാര്‍ലമെന്റിന്റെയും ശ്രദ്ധ ക്ഷണിക്കുകയാണ്. വസുധൈവ കുടുംബകം(ലോകമേ തറവാട്) എന്ന തത്വത്തിലും സാഹോദര്യത്തിലും ഊന്നിയതാണ് ഇന്ത്യയുടെ സംസ്കാരം. മറ്റ് രാജ്യങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് നമ്മുടെ സാമൂഹിക നിര്‍മാണം. നമ്മുടെ നാനാത്വത്തില്‍ ഏകത്വം ലോകശ്രദ്ധയെ ആകര്‍ഷിച്ചതുമാണ്.'- എംപി ചൂണ്ടിക്കാട്ടി.വര്‍ഷങ്ങളായി ബന്ധുക്കളും രക്ഷിതാക്കളും തീരുമാനിക്കുന്ന വിവാഹങ്ങളായിരുന്നു നമ്മുടെ നാട്ടില്‍. ഈ കാലഘട്ടത്തിലും അത്തരം അറേഞ്ച്ഡ് വിവാഹങ്ങള്‍ ഏറെ നടക്കുന്നുണ്ട്. വധുവിന്റെയും വരന്റെയും സമ്മതത്തോടെയാണ് ഈ വിവാഹങ്ങള്‍ നടത്തുന്നത്. കുടുംബത്തിന്റെ ചുറ്റുപാട്, സാമ്പത്തികം, സാമൂഹികാവസ്ഥ തുടങ്ങി നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് വ്യക്തികള്‍ വിവാഹബന്ധത്തില്‍ ഏര്‍പെടുന്നത്.