സുൽത്താൻ ബത്തേരി : അരികൊമ്പന്റെ കഥകള്‍ അവസാനിച്ചിട്ട് അധികനാളായില്ല. സമാനരീതിയില്‍ മറ്റൊരു അരികൊമ്പൻ ജന്മമെടുക്കുകയാണോ എന്ന സംശയത്തിലാണ് വയനാട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന നീലഗിരി ജില്ലയിലുള്‍പ്പെട്ട ഗൂഢല്ലൂര്‍ മാങ്കോറേഞ്ചിലെ ആളുകള്‍. 'കട്ടകൊമ്പൻ ' എന്ന് പ്രദേശവാസികള്‍ പേരിട്ട ആന കഴിഞ്ഞ ദിവസം ഇവിടെയുള്ള ഒരു റേഷന്‍കട തകര്‍ത്ത് അകത്താക്കിയത് ഏഴ് ചാക്ക് അരിയും ഒരു ചാക്ക് പഞ്ചസാരയും. ഗൂഡല്ലൂര്‍-സുല്‍ത്താന്‍ബത്തേരി അന്തര്‍ സംസ്ഥാന പാത കടന്നുപോകുന്ന മാങ്കോറേഞ്ചിലെ കടയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആന എത്തിയത്. കാട്ടാന റേഷന്‍കട തകര്‍ക്കുന്ന ശബ്ദം കേട്ട് ഉണര്‍ന്ന സമീപവാസികള്‍ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
വനംവകുപ്പ് എത്തുമ്പോഴേക്കും ഏഴുചാക്ക് അരിയും ഒരു ചാക്ക് പഞ്ചസാരയും കൊമ്പൻ അകത്താക്കി കഴിഞ്ഞിരുന്നു. സംഭവമറിഞ്ഞ് രാവിലെ താലൂക്ക് സപ്ലൈ ഓഫീസര്‍ വിജയന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കടയില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും സാധനങ്ങള്‍ ആന ഭക്ഷിച്ചതായി വ്യക്തമായത്. കടയുടെ പുറത്തെല്ലാം അരി ചിതറിക്കിടക്കുന്ന നിലയിലാണ്. ഓഗസ്റ്റ് മാസം വിതരണം ചെയ്യേണ്ട സാധനങ്ങളാണ് നശിപ്പിച്ചത്. പുതുക്കിപ്പണിത കെട്ടിടത്തിലേക്ക് മാറ്റിയ റേഷന്‍കടയ്ക്ക് നേരെയും കാട്ടാന ആക്രമണമുണ്ടായിരുന്നതായി നാട്ടുകാര്‍ അറിയിച്ചു. അരിയും പഞ്ചസാരയും അകത്താക്കിയതിനാല്‍ ചിന്നക്കനാലിലെ അതേ ഗതികേട് ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. അരി തേടി തുടര്‍ന്നുള്ള ദിവസങ്ങളിലും കട്ടകൊമ്പൻ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരന്തരം ശല്യമുണ്ടാക്കിയ അരികൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിവെച്ച് പിടികൂടി മാറ്റുകയായിരുന്നു.