ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ നടത്തിയ ആക്രമണത്തെ അപലപിച്ച ലോകരാജ്യങ്ങൾ സ്വന്തം പ്രവൃത്തിയോർത്ത് ലജ്ജിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് ഭീകരർക്ക് സഹായധനവും അഭയവും ആഡംബര ജീവിതവുമൊരുക്കുന്നത് ഖത്തറാണെന്നും നെതന്യാഹു ആരോപിച്ചു. ഭീകരരെ ഒന്നുകിൽ നിങ്ങൾ രാജ്യത്തുനിന്നും പുറത്താക്കണമെന്നും അല്ലെങ്കിൽ നിയമത്തിന് വിട്ടുകൊടുക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. അതിനു തയ്യാറല്ലെങ്കിൽ തങ്ങൾ അതു ചെയ്യുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
2023 ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണം ഇസ്രയേലിനെ സംബന്ധിച്ച് '9/11' നിമിഷമാണെന്ന് നെതന്യാഹു പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ ഇരുണ്ട ദിനമായ 2001 സെപ്റ്റംബർ പതിനൊന്നിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്.
2001സെപ്റ്റംബറിൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ, പെന്റഗൺ തുടങ്ങിയ കെട്ടിടങ്ങൾക്കുമേൽ റാഞ്ചിയ വിമാനങ്ങൾ ഇടിച്ചിറക്കി അൽഖായിദ നടത്തിയ ഭീകരാക്രമണത്തിൽ മൂവായിരത്തോളംപേരാണ് മരിച്ചത്. 9/11-നു മറുപടിയായി അമേരിക്ക എന്തൊക്കെ നടപടികൾ സ്വീകരിച്ചോ അതുതന്നെയാണ് ഇസ്രയേൽ ചെയ്യുന്നതെന്നും നെതന്യാഹു പറഞ്ഞു. അന്ന് ഭീകരസംഘടനയായ അൽഖായിദയ്ക്കെതിരേ അമേരിക്ക നടത്തിയ പോരാട്ടത്തെയും നെതന്യാഹു അനുസ്മരിച്ചു.