കൊടുങ്ങല്ലൂർ: അറസ്റ്റ് വാറന്റുമായെത്തിയ പൊലീസിനെ കണ്ട് പ്രതി കുളത്തിൽ ചാടി. കൊടുങ്ങല്ലൂരിലാണ് സംഭവം. കുളത്തിൽ ചാടിയ പ്രതിയെ അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് ഒന്നരമണിക്കൂറോളം അനുനയിപ്പിച്ചാണ് കരയ്ക്കു കയറ്റി അറസ്റ്റ് ചെയ്തത്. എസ്എൻ പുരം സ്വദേശി വടക്കൻവീട്ടിൽ ആഷിക്ക് എന്ന 34കാരനാണ് പ്രതി. ഇരിങ്ങാലക്കുട സൈബർ പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട യുവതിയുമായി ആഷിക്ക് സൗഹൃദത്തിലായിരുന്നു. എന്നാൽ ഇയാൾ യുവതിയോട് പണം ആവശ്യപ്പെടാൻ തുടങ്ങി. ഇവർ പണം നൽകാതിരുന്നതോടെ യുവതി അറിയാതെ എടുത്ത ഫോട്ടോകളും വീഡിയോകളും അശ്ലീലസന്ദേശങ്ങളും അവരുടെ അമ്മയുടെയും സഹോദരിയുടെയും സുഹൃത്തുക്കളുടെയും ഫോണിലേക്ക് അയച്ചുകൊടുത്തുവെന്നാണ് കേസ്.
കേസിൽ കോടതിയിൽനിന്ന് ജാമ്യമെടുത്തശേഷം വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനാൽ ആഷിക്കിനെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ കൊടുങ്ങല്ലൂർ ഭാഗത്തുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പ്രത്യേകാന്വേഷണസംഘം സ്ഥലത്ത് എത്തി. പൊലീസിനെ കണ്ടതോടെ ആഷിക്ക് സമീപത്തുള്ള നഗരമധ്യത്തിലെ ദളവാക്കുളത്തിലേക്ക് ചാടുകയായിരുന്നു.